ഡമസ്‌കസ്: സിറിയയിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം അധികാരം പിടിച്ചത് രാജ്യത്ത് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തിരിച്ച് വരവിന് വഴിയൊരുക്കുമെന്ന് സിറിയയിലെ കുര്‍ദ് സംഘം.
രാജ്യത്തെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമാതീതമായി ഇക്കാലയളവിനുള്ളില്‍ വര്‍ധിച്ചെന്നും ഇത് അപകടമാണെന്നും കുര്‍ദിഷ് മിലിഷ്യ സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (എസ്.ഡി.എഫ്) കമാന്‍ഡര്‍ ജനറല്‍ മസ്‌ലൂം അബ്ദി ബി.ബി.സിയോട് പറഞ്ഞു. 2019ല്‍ സിറിയയിലെ ഐ.എസ് ഗ്രൂപ്പിനെ പരാജയപ്പെടുത്താന്‍ സഹായിച്ച സഖ്യത്തിലെ പ്രധാന പോരാളികളായിരുന്നു എസ്.ഡി.എഫ്.
മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം ഇപ്പോള്‍ ഐ.എസിന് സിറിയയില്‍ ഉണ്ടെന്നും സിറിയന്‍ ഭരണകൂടം ഉപേക്ഷിച്ചുപോയ ചില ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അവര്‍ കൈക്കലാക്കിയിട്ടുണ്ടെന്നും മസ്‌ലൂം അബ്ദി പറഞ്ഞു.
കൂടാതെ എസ്.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വടക്ക്- കിഴക്കന്‍ സിറിയയിലെ ജയിലുകളില്‍ ഏകദേശം പതിനായിരത്തോളം ഐ.സ് തീവ്രവാദികളെ തടവില്‍ വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ജയിലുകള്‍ തകര്‍ക്കാന്‍ ഐ.എസ് ശ്രമിക്കുമെന്ന ആശങ്കയും സംഘത്തിനുണ്ട്.
അതേസമയം അസദ് ഭരണത്തില്‍ പതനത്തില്‍ നിരാശയില്ലെന്നും എസ്.ഡി.എഫ് തലവന്‍ പ്രതികരിച്ചു. കാരണം അസദ് ഭരണത്തിന് കീഴില്‍ അദ്ദേഹത്തെ നാല് തവണ തുറങ്കില്‍ അടച്ചിരുന്നു.
‘ഞങ്ങള്‍ അവര്‍ക്കെതിരെ (ഐ.എസ്) നിരന്തരം പോരാടി, അതിന്റെ പ്രതിഫലമായി 12,00 ജീവനുകള്‍ നഷ്ടമായി. എന്നാല്‍ ഇനിയും നമ്മള്‍ മുമ്പ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് മടങ്ങേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്,’ മസ്‌ലൂം അബ്ദി പറഞ്ഞു. എന്നാല്‍ പഴയ രീതിയില്‍ യുദ്ധം ചെയ്യാനുള്ള സാഹചര്യവും സാധ്യതയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവില്‍ കുര്‍ദ് ഗ്രൂപ്പിനെതിരായ ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കുന്നത് അയല്‍രാജ്യമായ തുര്‍ക്കിയെ ആണ്. തുര്‍ക്കിയില്‍ നിന്നും അവരെ പിന്തുണയ്ക്കുന്ന വിമത വിഭാഗങ്ങളില്‍ നിന്നും എസ്.ഡി.എഫിനെതിരായി നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നതായും അത് കാരണം ഐ.എസിനെ പ്രതിരോധിക്കാനുള്ള സാഹചര്യം ഇല്ലാതാവുന്നതായും മസ്‌ലൂം അബ്ദി ആരോപിച്ചു.
തുര്‍ക്കിയുമായുള്ള സംഘര്‍ഷം കാരണം ഐ.എസിനെതിരായ പോരാട്ടത്തില്‍ നിന്ന് എസ്.ഡി.എഫിന് പിന്മാറേണ്ടി വന്നിട്ടുണ്ടെന്നും നൂറുകണക്കിന് ജയില്‍ ഗാര്‍ഡുകള്‍ക്ക് സേനയില്‍ നിന്ന് മാറി അവരുടെ ഗ്രാമങ്ങള്‍ സംരക്ഷിക്കാന്‍ തിരികെ പോയെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: The doors are open for IS after the Syrian Government collapsed says Syria’s Kurd group