രക്ഷിത് ഷെട്ടി നായകനായ 777 ചാര്‍ലി പ്രേക്ഷക ഹൃദയങ്ങളെ കവര്‍ന്ന് പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാര്‍ലി എന്ന നായയും ധര്‍മ എന്ന യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ നട്ടെല്ല് എന്ന പറയുന്നത് തന്നെ ചാര്‍ലിയും ധര്‍മയും തമ്മിലുള്ള ബോണ്ടാണ്. ഇതില്‍ രക്ഷിത് ഷെട്ടിയെക്കാളും പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ചാര്‍ലിയെ അവതരിപ്പിച്ച നായ. തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും, അത്ഭുതപ്പെടുത്താനും, കരയിപ്പിക്കാനും ചാര്‍ലിക്കായി. ചെറുപ്പത്തിലെ തന്റെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ധര്‍മക്ക് എല്ലാത്തിനോടും വെറുപ്പാണ്. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന ധര്‍മക്ക് സ്‌നേഹം കാണിക്കുന്നവരോട് പോലും വെറുപ്പാണ്. ധര്‍മയുടെ മനസ് മാറുന്നത് അവന്റെ ജീവിതത്തിലേക്ക് ചാര്‍ലി കടന്നുവരുന്നതോടെയാണ്.
തന്നെ അവഗണിക്കുമ്പോഴും വഴക്കുപറയുമ്പോഴുമെല്ലാം ധര്‍മയോട് ചാര്‍ലിക്ക് സ്‌നേഹം മാത്രമേയുള്ളൂ. കൃത്രിമമെന്ന് തോന്നാത്ത വിധം നാച്ചുറാലായിട്ടായിരുന്നു ചാര്‍ലിയുടെ അഭിനയം. പല രംഗങ്ങളിലും പ്രേക്ഷകര്‍ ആ പ്രകടനം കണ്ട് അത്ഭുതപ്പെട്ടു. ധര്‍മ സ്‌നേഹം കാണിക്കുമ്പോഴുള്ള സന്തോഷവും, വേര്‍പിരിയുമ്പോഴുള്ള വേദനയും കൗതുകവും ദയനീയതയുമെല്ലാം ചാര്‍ലിയുടെ മുഖത്ത് അനായാസം വിരിയുന്നുണ്ട്.
ചാര്‍ലിക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ രക്ഷിത് ഷെട്ടിയും ഗംഭീരമായി ചെയ്തിട്ടുണ്ട്. ചാര്‍ലിയും ധര്‍മയും തമ്മിലുള്ള ബന്ധം പ്രേക്ഷകന്റെ ഹൃദയത്തെ സ്പര്‍ശിക്കും. ചാര്‍ലിയും ധര്‍മയും ഒന്നിച്ചുള്ള പുഴയിലെ നീന്തലും, പാരാഗ്ലൈഡിങും, ഹിമാലയന്‍ യാത്രയും, മഞ്ഞിലെ കളിയുമെല്ലാം മനോഹരമായ ഫ്രേമുകളിലാണ് ഒപ്പിയെടുത്തത്.
നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സമാന പ്രമേയം ഉള്‍ക്കൊള്ളുന്ന നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകുമെങ്കിലും, ഈ ഇതിവൃത്തത്തില്‍ ഒരുക്കിയ ആദ്യ കന്നഡ ചിത്രമാണിത്.
മലയാളിയായ കിരണ്‍രാജ് കെ. ആണ് 777 ചാര്‍ലി സംവിധാനം ചെയ്തിരിക്കുന്നത്. പരംവാഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: The dog who played Charlie is more captivating to the audience than Rakshit Shetty