| Wednesday, 30th June 2021, 7:55 pm

വളര്‍ത്തു നായയെ ചൂണ്ടയില്‍ കുരുക്കി വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്നു. വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം.

ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്.

കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി എത്തിയ യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുകയായിരുന്നു.

നായയെ വള്ളത്തില്‍ ചൂണ്ടക്കൊളുത്തില്‍ കുരുക്കിയിട്ടാണ് അടിക്കുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിഞ്ഞു.


ബ്രൂണോയുടെ ഉടമ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

അതേസമയം പരാതിപ്പെട്ടതിന്റെ പേരില്‍ തന്നെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായി ക്രിസ്തുരാജ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The dog was tied to a boat and beaten to death

We use cookies to give you the best possible experience. Learn more