| Thursday, 9th May 2024, 5:01 pm

കുഴിനഖ ചികിത്സക്കായി ഒ.പി. ഡ്യൂട്ടിയിലുള്ള ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കുഴിനഖ ചികിത്സക്കായി തിരുവനന്തപുരം ജില്ല ജനറല്‍ ആശുപത്രിയില്‍ ഒ.പി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നാണ് പരാതി. കളക്ടറുടേത് അധികാര ദുര്‍വിനിയോഗമാണെന്നും ഫ്യൂഡല്‍ മനോഭാവമാണെന്നും കെ.ജി.എം.ഒ ആരോപിക്കുന്നു.

രണ്ട് ദിവസം മുമ്പാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായിരിക്കുന്നത് എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആരോപിക്കുന്നത്. തന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു സര്‍ക്കാര്‍ ഡോക്ടറെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ ഡി.എം.ഒയെ വിളിക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ ആദ്യം ഡി.എം.ഒ സാധ്യമാകില്ലെന്ന് പറഞ്ഞെങ്കിലും കളക്ടര്‍ കൂടുതല്‍ അധികാരഭാവത്തോടെ സംസാരിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന ഒരു ഡോക്ടറെ സൂപ്രണ്ടിന്റെ അനുമതിയോട് കൂടി കളക്ടറുടെ വസതിയിലേക്ക് അയക്കുകയുമായിരുന്നു.

ഈ സമയത്ത് ഒ.പി.യില്‍ ഡ്യൂട്ടിലുണ്ടായിരുന്ന സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ ഒ.പി നിര്‍ത്തിവെച്ച് കളക്ടറുടെ വസതിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. ജനറല്‍ ആശുപത്രിയിലെ ഒ.പിയില്‍ തിരക്കുള്ള സമയത്താണ് ഡോക്ടര്‍ക്ക് കളക്ടറുടെ വസതിയിലേക്ക് പോകേണ്ടി വന്നത്. ഈ സമയത്ത് കളക്ടര്‍ മീറ്റിങ്ങിലായിരുന്നു. പിന്നീട് 25 മിനിറ്റോളം ഡോക്ടര്‍ കാത്തുനിന്നതിന് ശേഷമാണ് കളക്ടര്‍ പുറത്തേക്ക് വന്നത്.

അപ്പോഴാണ് കളക്ടറുടെ കാലിന് കുഴിനഖം വന്ന് നീര് വന്ന അവസ്ഥയിലാണെന്നും അതിന് വേണ്ടിയുള്ള ചികിത്സക്കാണ് വിളിപ്പിച്ചത് എന്നും മനസ്സിലായത്. ഡോക്ടര്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് ചികിത്സ നല്‍കുകയും തിരികെ പോരുകയും ചെയ്യുകയുമായിരുന്നു.

ഇത് അധികാര ദുര്‍നിവിനിയോഗമാണെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആരോപിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ പോലും ആശുപത്രിയിലെത്തി ചികിത്സ തേടുമ്പോഴാണ് കലക്ടര്‍ ഇത്തരത്തില്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരിക്കുന്നത്.

ആശുപത്രിയില്‍ മുന്‍കൂട്ടി അറിയിച്ചെത്തിയാല്‍ കളക്ടര്‍ എന്ന പരിഗണന ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കളക്ടറുടെ നടപടി അധികാര ദുര്‍വിനിയോഗവും ഫ്യൂഡല്‍ മനോഭാവവുമാണെന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.

കളക്ടര്‍ നേരത്തെയും ഈ രീതിയില്‍ നിസാര ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാരെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘടന ആരോപിക്കുന്നു. മൂന്ന് മാസം മുമ്പ് പേരൂര്‍ക്കട ആശുപത്രിയില്‍ നിന്ന് ഒരു ഡോക്ടറെ വിളിച്ചുവരുത്തിയിരുന്നു എന്നാണ് കെ.ജി.എം.ഒ.എ ആരോപിക്കുന്നത്.

ഇനിയും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സമരം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന അറിയിക്കുന്നു.

CONTENT HIGHLIGHTS: The doctor on OP duty was called home; Complaint against Thiruvananthapuram district collector


We use cookies to give you the best possible experience. Learn more