ചെന്നൈ: പാര്‍ലമെന്റിലെ യുവാക്കളുടെ പ്രതിഷേധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ടതില്‍ പ്രതികരിച്ച് ഡി.എം.കെ എം.പി എസ്.ആര്‍. പാര്‍ത്ഥിബന്‍. അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചപ്പോള്‍ താന്‍ സഭയില്‍ ഇല്ലായിരുന്നുവെന്ന് എസ്.ആര്‍. പാര്‍ത്ഥിബന്‍ പറഞ്ഞു.
സഭയില്‍ ഇല്ലാതിരുന്നിട്ടും തന്നെ സസ്പെന്റ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി അപമാനകരമെന്ന് എം.പി മാധ്യമങ്ങളോട് വ്യക്തമാക്കി. സസ്‌പെന്‍ഷനെ കുറിച്ച് അറിയുന്നത് വാര്‍ത്താ ചാനലുകളിലൂടെയാണെന്നും എസ്.ആര്‍. പാര്‍ത്ഥിബന്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയിലെ യുവാക്കളുടെ പ്രതിഷേധത്തെ മുന്‍നിര്‍ത്തി പ്രതിപക്ഷ എം.പിമാരേയും ഡി.എം.കെയേയും മനഃപൂര്‍വം കേന്ദ്ര സര്‍ക്കാര്‍ അവഹേളിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഇന്നേ ദിവസം എസ്.ആര്‍. പാര്‍ത്ഥിബന്‍ സഭയില്‍ ഹാജരാകാതിരുന്നതിനാലും സസ്പെന്‍ഡ് ചെയ്യേണ്ടവരുടെ കൂട്ടത്തില്‍ അബദ്ധത്തില്‍ പേര് ഉള്‍പ്പെടുത്തിയതിനാലും അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അംഗത്തെ തിരിച്ചറിയുന്നതില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചതിനാല്‍ സസ്പെന്‍ഡ് ചെയ്ത ലോക്സഭാ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് പാര്‍ത്ഥിബന്റെ പേര് പിന്‍വലിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അംഗത്തിന്റെ പേര് ഒഴിവാക്കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അത് അംഗീകരിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി അറിയിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്പിന്നാലെആദ്യം അഞ്ച് പ്രതിപക്ഷ എം.പിമാരെയാണ് ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
കേരളത്തില്‍ നിന്നുമുള്ള യു.ഡി.എഫ് എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ് തമിഴ്നാട്ടില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എം.പി ജ്യോതി മണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്.പിന്നാലെ ബെന്നി ബെഹ്നാന്‍, വി.കെ. ശ്രീകണ്ഠന്‍, കനിമൊഴി, മുഹമ്മദ് ജാവേദ്, പി.ആര്‍. നടരാജന്‍, കെ. സുബ്രഹ്‌മണ്യം, എസ്.ആര്‍. പാര്‍ത്ഥിബന്‍, എസ്. വെങ്കിടേശന്‍, മാണിക്യം ടാഗോര്‍ എന്നിവരേയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
പാര്‍ലമെന്റ് അതിക്രമത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കണം, അക്രമികള്‍ക്ക് പാസ് നല്‍കിയ എം.പിയെ സസ്പെന്‍ഡ് ചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എം.പിമാര്‍ ലോക്സഭയില്‍ ബഹളം വെച്ചത്.
Content Highlight: DMK MP who was not present in the House during the protest demanding Amit Shah’s answer was also suspended