തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് കൈമാറി. കേരള സര്‍ക്കാരിന്റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൊതുമേഖലയുടെ വികസനവും സംരക്ഷണവും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന കോര്‍പറേഷന്‍ 35 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്നത്. വനിതാ വികസന കോര്‍പറേഷന്‍ മാനേജങ് ഡയറക്ടര്‍ വി.സി. ബിന്ദു ഒപ്പമുണ്ടായിരുന്നു.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തെ വനിത/ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ വനിതാ വികസന കോര്‍പറേഷന്‍ വായ്പ വിതരണം ചെയ്തു. 35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പറേഷന്‍ വായ്പ നല്‍കിയ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്.
140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയര്‍ത്തിയാണ് വായ്പാ വിതരണത്തില്‍ ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 70,582 തൊഴിലവസരങ്ങളാണ് കോര്‍പറേഷന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിങ് ഏജന്‍സിയാണ്. ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി വരുന്നത്. അത് മുന്‍നിര്‍ത്തി കോര്‍പറേഷനും സംരംഭ വികസനത്തിനും വായ്പാ വിതരണത്തിലും വലിയ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം കൈവരിച്ചത്. മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഡി കാറ്റഗറി (Bronze)യില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥാപനം സി കാറ്റഗറി (സില്‍വര്‍)യിലേക്ക് ഉയര്‍ന്നു.
Content Highlight: The dividend of Women Development Corporation was handed over to the Chief Minister