അച്ഛനും മകനും ഒന്നിച്ചെത്തി, എട്ടുനിലയില്‍ പൊട്ടി; ചിരഞ്ജീവിയോട് നഷ്ടപരിഹാരം അഭ്യര്‍ത്ഥിച്ച് വിതരണക്കാരന്റെ കത്ത്
Film News
അച്ഛനും മകനും ഒന്നിച്ചെത്തി, എട്ടുനിലയില്‍ പൊട്ടി; ചിരഞ്ജീവിയോട് നഷ്ടപരിഹാരം അഭ്യര്‍ത്ഥിച്ച് വിതരണക്കാരന്റെ കത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th May 2022, 12:38 pm

ഇന്ത്യയാകെ ടോളിവുഡ് തരംഗം അലയടിക്കുന്ന സമയത്ത് വലിയ പ്രതീക്ഷയോടെയെത്തിയ സിനിമയാണ് ആചാര്യ. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിച്ചഭിനയിച്ച ചിത്രം 2022 ലെ ഏറ്റവും വലിയ തിയേറ്റര്‍ ഡിസാസ്റ്ററുകളിലൊന്നായി മാറിയിരിക്കുകയാണ്.

84 കോടി രൂപയുടെ നഷ്ടമാണ് ആചാര്യ വരുത്തിവെച്ചിരിക്കുന്നത്. ഇതോടെ സാമ്പത്തിക നഷ്ടത്തിന് ചിരഞ്ജീവിയോട് സഹായം ചോദിച്ച് കത്തെഴുതിയിരിക്കുകയാണ് രാജാഗോപാല്‍ ബജാജ് എന്ന വിതരണക്കാരന്‍. ആചാര്യ ഉണ്ടാക്കിവെച്ച് നഷ്ടത്തിന് പരിഹാരം ചെയ്യണമെന്ന് ഇയാള്‍ ചിരഞ്ജീവിയോട് അഭ്യര്‍തിച്ചതായി ടോളിവുഡ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിക്ഷേപിച്ച പണത്തിന്റെ 75 ശതമാനവും നഷ്ടപ്പെട്ടതായി ഇയാള്‍ പറയുന്നു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാന്‍ ബജാജ് പ്രശസ്ത വിതരണക്കാരനായ വാറങ്കല്‍ ശ്രീനുവിന് രാജഗോപാല്‍ പ്രീമിയം നല്‍കിയിരുന്നു. എന്നാല്‍ ആചാര്യ തിയേറ്ററുകളില്‍ മോശം പ്രകടനം കാഴ്ചവെച്ചതോടെ വിതരണക്കാര്‍ അസ്വസ്ഥരാണെന്നും താന്‍ ഇപ്പോള്‍ വലിയ കടത്തിലാണെന്നും അദ്ദേഹം പറയുന്നു.

കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം രാം ചരണിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ കൊനിഡെലയും മാറ്റിനി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചത്. പൂജ ഹെഗ്‌ഡേയായിരുന്നു ചിത്രത്തില്‍ രാം ചരണിന്റെ നായിക.

Acharya Telugu Movie Review | 123telugu.com

രാംചരണ്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ആര്‍.ആര്‍.ആര്‍ ഇന്ത്യയാകെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആറും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 1115 കോടിയാണ് ചിത്രം ലോകമെമ്പാട് നിന്നും കളക്ട് ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശ്രേയ ശരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തിയത്.

Content Highlight: The distributor has written to Chiranjeevi seeking help for the financial loss caused by Acharya movie