| Sunday, 11th September 2022, 5:09 pm

പാപ്പന്‍ മുതല്‍ തല്ലുമാല വരെ, തിയേറ്ററില്‍ നിന്നും ഒ.ടി.ടിയിലെത്തുമ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ നിന്നും ഒ.ടി.ടിയിലേക്ക് എത്തുന്ന സിനിമകള്‍ രണ്ടാമത് വീണ്ടും റിലീസ് ചെയ്യുന്നത് പോലെയാണ്. തിയേറ്ററുകളില്‍ നിന്നും പലപ്പോഴും വ്യത്യസ്തമായ അഭിപ്രായമായിരിക്കും ഒ.ടി.ടി റിലീസില്‍ നിന്നും സിനിമകള്‍ക്ക് ലഭിക്കുക.

കൊവിഡിന്റെ അടച്ചിരിപ്പിന് ശേഷം പ്രേക്ഷകരുടെ ആസ്വാദന കാഴ്ചപ്പാടില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഒ.ടി.ടി പ്രേക്ഷകര്‍, തിയേറ്റര്‍ പ്രേക്ഷകര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ തന്നെ ഉണ്ടായി. തിയേറ്ററില്‍ നിന്നും ഒ.ടി.ടി പ്രേക്ഷകര്‍ക്കുള്ള വ്യത്യാസം അത് ഒരു കൂട്ടമല്ല എന്നതാണ്. സ്വകാര്യ ഇടങ്ങളിലിരുന്നാണ് പ്രേക്ഷകന്‍ സിനിമ കാണുന്നത്. അവിടെ അവര്‍ കുറച്ച് കൂടി ക്രിട്ടിക്കലാവും. തിയേറ്ററിലെ വലിയ സ്‌ക്രീനും ഉയര്‍ന്ന ശബ്ദവും പ്രേക്ഷകനെ പോസിറ്റീവായി സ്വാധീനിക്കാം.

അടുത്തിടെ തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലെത്തിയ ചില ചിത്രങ്ങളെ കുറിച്ച് പരിശോധിക്കാം. നിലവില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് പാപ്പന്‍, ന്നാ താന്‍ കേസ് കൊട്, സീതാ രാമം, തല്ലുമാല എന്നീ ചിത്രങ്ങളെ കുറിച്ചാണ്.

സെപ്റ്റംബര്‍ ഏഴിന് സി ഫൈവിലാണ് പാപ്പന്‍ റിലീസ് ചെയ്തത്. തിയേറ്ററില്‍ ആളില്ലെന്ന പ്രതിസന്ധിക്കിടയില്‍ വന്ന് ഹിറ്റടിച്ച ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിന്‍റെ തിരിച്ചുവരവ് എന്ന നിലയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. സുരേഷ് ഗോപിയുടെ കാം ആന്‍ഡ് ക്വയറ്റ് ആയ പൊലീസുകാരനെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ഒപ്പം നിത പിള്ള, ഷമ്മി തിലകന്‍ എന്നിവരുടെ പ്രകടനവും സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നു.

ചിത്രത്തിന്റെ നെഗറ്റീവായി പറയുന്നത് കഥാപാത്രങ്ങളുടെ ആധിക്യമാണ്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയ സന്ദര്‍ഭങ്ങള്‍ക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്.

സെപ്റ്റംബര്‍ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലെത്തിയ ന്നാ താന്‍ കേസ് കൊട് തിയേറ്ററുകളിലെന്ന പോലെ ഒ.ടി.ടിയിലും മികച്ച പ്രതികരണം നേടുകയാണ്. കുഞ്ചാക്കോ ബോബന്റെ അഭിനയവും സ്ലാങ്ങും പ്രകീര്‍ത്തിക്കപ്പെട്ടു. ഒ.ടി.ടിയിലെത്തുമ്പോഴും ചിത്രത്തെ ആരും വിമര്‍ശിച്ചു കണ്ടില്ല. സുരേശന്‍-സുമലത ജോഡിയാണ് സോഷ്യല്‍ മീഡിയ സെലിബ്രേറ്റ് ചെയ്യുന്നത്. ചെറിയ സീനുകളില്‍ വന്ന കഥാപാത്രങ്ങള്‍ വരെ സ്‌കോര്‍ ചെയ്യുന്നുണ്ട്.

സെപ്റ്റംബര്‍ ഒന്‍പതിന് ആമസോണ്‍ പ്രൈമിലാണ് സീതാ രാമം റിലീസ് ചെയ്തത്. തിയേറ്ററിലേത് പോലെ ഒ.ടി.ടിയിലും മിക്കവാറും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുല്‍ഖര്‍- മൃണാള്‍ കെമിസ്ട്രിയാണ് ഏറ്റവും പോസിറ്റീവായ ഘടകം. ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ബി.ജി.എമ്മും പാട്ടുകളും വിഷ്വല്‍സും മനോഹരമായെന്നും പ്രേക്ഷകര്‍ പറയുന്നു.

തല്ലുമാല നെറ്റ്ഫ്‌ളിക്‌സില്‍ സെപ്റ്റംബര്‍ 11നാണ് റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസ് സമയത്ത് സിനിമയിലെ തല്ലും ടൊവിനോയുടെ സ്‌ക്രീന്‍ പ്രസന്‍സും ലുക്മാന്റെ പ്രകടനവുമെല്ലാം ചര്‍ച്ചയായിരുന്നു. ഒ.ടി.ടിയില്‍ മലബാറിലെ കള്‍ച്ചറിനെ പറ്റിയും ചര്‍ച്ചകളുയരാന്‍ സാധ്യതയുണ്ട്.

Content Highlight: the discussions that arise when films reaches OTT from theaters

We use cookies to give you the best possible experience. Learn more