തിരുവനന്തപുരം: എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ വേതന കുടിശിക അടക്കം ആവശ്യപ്പെട്ടുള്ള രാപ്പകല്‍ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. അടുത്ത വ്യഴാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനമുണ്ട്.
ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ആശ വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് ശിവദാസന്‍, ജനറല്‍ സെക്രട്ടറി ബിന്ദു എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ കുടിശികയുള്ള ഓണറേറിയം നല്‍കാന്‍ സര്‍ക്കാര്‍ ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.
അതേസമയം കുടിശികയുള്ള വേതനം എപ്പോൾ അക്കൗണ്ടില്‍ ലഭിക്കുമെന്നതില്‍ വ്യക്തത നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിരമിക്കല്‍ ആനുകൂല്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ആശ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ചത്. കഴിഞ്ഞ ബജറ്റില്‍ ആശ വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം 7500 ആയി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴും 7000 രൂപയാണ് ഓണറേറിയമായി ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത്. 2025-26 ബജറ്റില്‍ ആശ വര്‍ക്കര്‍മാരെ കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സമരം ശക്തമാക്കാതെ മറ്റൊരു വഴിയില്ലെന്നും ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.
ആശ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ആറാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചക്കായി നേതാക്കളെ വിളിച്ചത്.
ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും വെട്ടിക്കുറയ്ക്കല്‍ അവസാനിപ്പിക്കണമെന്നും ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പെന്‍ഷന്‍ പ്രഖ്യാപിക്കണം, വേതന കൃത്യസമയത്ത് നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
Content Highlight: The discussion with the Minister of Health failed; Asha workers prepare for secretariat march