| Wednesday, 6th November 2024, 10:13 am

മതാടിസ്ഥാനത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ വകുപ്പ് ഡയറക്ടർ തന്നെ: പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻതന്നെയെന്ന് പൊലീസ് നിഗമനം.

സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഓഫീസർമാർക്കായി പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ. എസ് ആയിരുന്നു അഡ്മിൻ. വിവാദമായതിനെ തുടർന്ന് ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ഗ്രൂപ്പ് നിർമിച്ചതെന്നുമുള്ള അവകാശവാദവുമായി കെ. ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു.

എന്നാൽ ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ തന്നെയെന്ന് പൊലീസ് നിഗമനം. കെ. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ട്.

ഫോണിലെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് പൊലീസിന്റെ കത്തിന് വാട്‌സാപ്പ് മറുപടിനൽകി.

ഫോൺ സിറ്റി പൊലീസ് വാങ്ങിയെങ്കിലും വിവരങ്ങൾ ഡിലീറ്റുചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലായിരുന്നു. ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗോപാലകൃഷ്ണനിൽ നിന്ന് സിറ്റി സൈബർ പൊലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ നിർമിക്കപ്പെട്ട ഗ്രൂപ്പിൽ സർവീസിലെ മുതിർന്ന ഓഫീസർമാരും അംഗങ്ങളായിരുന്നു. ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ചില ഓഫീസർമാർ അറിയിച്ചതിനെ തുടർന്ന് കെ. ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ഡിലീറ്റ് ആക്കുകയും തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവരെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

തന്റെ ഫോൺ കോണ്ടാക്ടുകൾ ചേർത്ത് 11 വാട്ട്സ് ആപ്പ് ഗ്രൂപ്പ് ആണ് നിർമിക്കപ്പെട്ടതെനന്നായിരുന്നു കെ. ഗോപാലകൃഷ്ണന്റെ വാദം.

Content Highlight: The director of the industry department himself created the WhatsApp group on the basis of religion; The police

We use cookies to give you the best possible experience. Learn more