| Sunday, 20th August 2023, 8:16 am

'ഇസ്‌ലാമിക ഭരണകൂടത്തിനെതിരായ പ്രചാരണത്തിന് കൂട്ടുനിന്നു' ഇറാനില്‍ സിനിമ സംവിധായകന് തടവുശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: കാന്‍ ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിച്ചതിന് സംവിധായകനും നിര്‍മാതാവിനും തടവ് ശിക്ഷ വിധിച്ച് ഇറാന്‍. ഇസ്‌ലാമിക ഭരണകൂടത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് കൂട്ടുനിന്നു എന്നാരോപിച്ചാണ് ലൈലാസ് ബ്രദേഴ്‌സ് എന്ന സിനിമയുടെ സംവിധായകന്‍ സയ്ദ് റുസ്തി, നിര്‍മാതാവ് ജവാദ് നൊറൂസ് എന്നിവര്‍ക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചത്. ടെഹ്‌റാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഇവരുടെ സിനിമ കഴിഞ്ഞ കാന്‍ ഫെസ്റ്റില്‍ മികച്ച സിനിമക്കുള്ള പാം ഡി ഓറിന് മത്സരിച്ചിരുന്നു. ഇരുവരും ഉടന്‍ തന്നെ 9 ദിവസത്തെ ജയില്‍ വാസം അനുഭവിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ബാക്കിയുള്ള ശിക്ഷ അഞ്ച് വര്‍ഷത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ ഇരുവര്‍ക്കും മറ്റു സിനിമകളൊന്നും ചെയ്യാന്‍ കഴിയില്ല.

അനുമതിയില്ലാതെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു എന്ന കാരണം പറഞ്ഞ് ലൈലാസ് ബ്രദേഴ്‌സ് നേരത്തെ ഇറാനില്‍ നിരോധിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്ത പ്രസ്തുത സിനിമ കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ കേരളത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു.

ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഇറാനിയന്‍ കുടുംബത്തിന്റെ കഥ പറയുന്ന സിനിമയാണ് ലൈലാസ് ബ്രദേഴ്‌സ്. സിനിമയുടെ പ്രദര്‍ശനത്തിന് ഇറാന്‍ സാസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇറാന്റെ ദേശീയ താത്പര്യങ്ങള്‍ക്ക് എതിരാണ് സിനിമ എന്നാണ് ഭരണകൂടം വിലയിരുത്തിയിരുന്നത്. ഇറാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ കാന്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ച സിനിമക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.

ശിക്ഷിക്കപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സിനിമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ അമേരിക്കന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസെ ഇരുവര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുടെ അപ്പീല്‍ നല്‍കാനുള്ള നിവേദനം മാര്‍ട്ടിന്‍ സ്‌കോര്‍സസെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് നന്മയുടെ ശക്തിയായി തുടരാന്‍ റുസ്തിക്ക് ഇനിയും കഴിയേണ്ടതുണ്ടെന്നും, അവരുടെ ശബ്ദം ലോകം കേള്‍ക്കേണ്ടതുണ്ടെന്നും മാര്‍ട്ടിന്‍ സ്‌കോര്‍സസെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അതേസമയം ഇറാനില്‍ തടവിലാക്കപ്പെടുന്ന സിനിമ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എണ്ണം സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലൈലാസ് ബ്രദേഴ്‌സ് സിനിമയിലെ നായിക തരാന അലിദൂസ്തിയെയും കഴിഞ്ഞ ഡിസംബറില്‍ ഇറാനില്‍ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തു എന്ന കുറ്റം ആരോപിച്ചാണ് അലിദൂസ്ദിയെ ശിക്ഷിച്ചത്. രണ്ടാഴ്ചത്തെ തടവ് ശിക്ഷക്ക് ശേഷമാണ് അന്നവര്‍ക്ക് പുറത്തിറങ്ങാനായത്. 2022 അവാര്‍ഡ് ജേതാവായ ഫിലിംമേക്കര്‍ ജാഫര്‍ പനാഹിയും ഇറാനില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നു. ആറ് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന് തടവ് ശിക്ഷ വിധിച്ചത്.

content highlights; The director of the film that was screened at the Cannes Film Festival was sentenced to prison in Iran

We use cookies to give you the best possible experience. Learn more