40 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിനും, ഇതിനുള്ള മറുപടി എന്നോണമുണ്ടായ ബാലാകോട്ട് വ്യോമാക്രമണത്തിനും ശേഷം രണ്ടു വ്യത്യസ്തമായ ആഖ്യാനങ്ങളാണ് ഇവയെക്കുറിച്ച് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരു ഭാഗത്തു വിമര്‍ശനബുദ്ധി ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന, ദേശസ്‌നേഹവും ദേശീയവാദവും ഇടതടവില്ലാതെ വിളമ്പാന്‍ ഒട്ടുമേ മടി കാണിക്കാത്ത, ഇടുങ്ങിയ മനസ്ഥിതി ഉള്ളവരെയാണ് കാണുക. ഇവര്‍ മാധ്യമപ്രവര്‍ത്തനത്തെ വെറും പ്രൊപ്പഗാന്‍ഡയിലേക്ക് ചുരുക്കാന്‍ അനാവശ്യ വ്യഗ്രത കാണിക്കുന്നു. മറുഭാഗത്ത് കുറച്ചുപേര്‍ മാധ്യമപ്രവര്‍ത്തനത്തോടും അതിന്റെ കാതലായ മൂല്യങ്ങളോടും മാത്രം പക്ഷപാതിത്വം കാണിച്ചുകൊണ്ട് വാര്‍ത്തകള്‍ വസ്തുതകളുടെ പിന്‍ബലത്തോടെ ജനങ്ങളിലേക്കെത്തിക്കുന്നു. മറ്റൊരു യുദ്ധോപകരണമാകാന്‍ ഇവര്‍ വിസമ്മതിക്കുന്നു.
യുദ്ധങ്ങളും കലഹങ്ങളും റിപ്പോര്‍ട്ട് ചെയ്യുക എന്നത്
രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിനെ ലഘൂകരിക്കുക എന്നത് ലക്ഷ്യം വെച്ചും സത്യം മാത്രം വായനക്കാരിലേക്ക് എത്തണം എന്ന പ്രതിജ്ഞാബദ്ധതയോട് കൂടിയുമാണ് “ദ ഹിന്ദു”വിന്റെ റിപ്പോര്‍ട്ടുകളും തലക്കെട്ടുകളും കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ തയാറാക്കപ്പെട്ടത്. ഇവിടെ, മാധ്യമപ്രവര്‍ത്തനം എന്നത് ഒരു പൊതുജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കികൊണ്ട് തട്ടിപ്പിന്റെയും വഞ്ചനയുടെയും ഉപകരണമാകാന്‍ ഞങ്ങള്‍ വിസ്സമ്മതിക്കുകയായിരുന്നു.
28 ഫെബ്രുവരിയില്‍ ഞങ്ങള്‍ കൊടുത്ത തലക്കെട്ടു ഇങ്ങനെയായിരുന്നു. “IAF plane shot down, pilot taken captive by Pak army(ഐ.എ.എഫ്. വിമാനം വെടിവച്ചിട്ടു, പൈലറ്റ് പാകിസ്ഥാന്‍ ആര്‍മിയുടെ പിടിയില്‍)”. ഈ തലക്കെട്ടിനു ഒരേ സമയം വിമര്‍ശനവും അനുമോദനവും വായനക്കാരുടെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു. തലക്കെട്ടില്‍ വേണ്ടത്ര ദേശസ്‌നേഹം ഉള്‍ച്ചേര്‍ന്നിട്ടില്ല എന്നായിരുന്നു ചിലരുടെ പരിഭവം. ഇവരുടെ വിഷമത്തിനു പിന്നില്‍ ഏതാനും ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ ചെയ്തികള്‍ പ്രവര്‍ത്തിച്ചിരിക്കാം എന്ന് കരുതേണ്ടിയിരിക്കുന്നു. ഇവരോട്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ നിര്‍മ്മിച്ച “പ്രൈംടൈമിലെ ഇത്തിള്‍കണ്ണികള്‍” എന്ന വീഡിയോ കാണണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ഇതില്‍, മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് വിദ്വേഷരാഷ്ട്രീയത്തിന്റെയും, അസഹിഷ്ണുതയുടെയും വക്താക്കളും സ്തുതിപാഠകരുരായി മാറുന്നതെന്ന് അദ്ദേഹം സ്പഷ്ടമായി പറഞ്ഞു വെച്ചിട്ടുണ്ട്.
എന്റെ സുഹൃത്തും “എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്കി”ന്റെ സ്ഥാപകനുമായ എയ്ഡന്‍ വൈറ്റ് ഇപ്പോഴും ചൂണ്ടികാട്ടുന്ന ഒരു വസ്തുതയെന്തെന്നാല്‍: യുദ്ധവും മറ്റ് സംഘര്‍ഷാവസ്ഥകളും നേരിട്ട് യുദ്ധഭൂമിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും ജീവഹാനിയെക്കുറിച്ചും വ്യക്തമായ ബോധമുണ്ട്. കണ്മുന്നില്‍ കാണുന്ന ചോരപുരണ്ട യാഥാര്‍ഥ്യങ്ങളും യുദ്ധത്തിന്റെ മനുഷ്യത്വവിരുദ്ധമായ പരിണതഫലങ്ങളും അവരെ യുദ്ധത്തിന് എതിരായി ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷികളായ ഇവര്‍ ഒരിക്കലും,അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍, “വക്രീകരിക്കപ്പെട്ട, കാല്‍പനികമായ ദേശീയബോധം നല്‍കിയ ധാരണകള്‍ വെച്ചുകൊണ്ട്” പ്രൊപ്പഗാന്‍ഡ പ്രചരിപ്പിക്കാനായി ഇറങ്ങിത്തിരിക്കില്ല.
എയ്ഡന്‍ വൈറ്റ്
ഇതിനോടകം തന്നെ മാധ്യമപ്രവര്‍ത്തകരുടേതായി യുദ്ധത്തെയും കലഹങ്ങളെയും കുറിച്ച് അനവധി ലേഖനങ്ങളും എഴുത്തുകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളില്‍ നിന്നും ഫീച്ചറുകളില്‍ നിന്നും വ്യക്തമായി മനസിലാക്കാനാകുന്ന ഒരു വസ്തുത ഇതാണ്. ലോകമഹായുദ്ധങ്ങളുടെ സമയം തൊട്ട് അടുത്തിടെ നടന്ന യുദ്ധങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരുടെ എണ്ണമെടുത്ത് നോക്കുകയാണെങ്കില്‍, യുദ്ധത്തിനും രക്തത്തിനുമായി മുറവിളി കൂട്ടുന്നവര്‍ യുദ്ധത്തില്‍ കുന്നുകൂടുന്ന ശവശരീരങ്ങളോ ഒഴുകിപ്പരക്കുന്ന ചോരച്ചാലുകളോ നേരിട്ട് കണ്ട് ബോധ്യപ്പെടാത്തവരാണ്. യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വേദനയോ നഷ്ടബോധമോ ഇവരെ തീണ്ടിയിട്ടുണ്ടാകില്ല. അതില്‍ നിന്നൊക്കെ ഏറെ അകന്നു നിന്നുകൊണ്ടായിരിക്കും ഇവര്‍ “സത്യം” പറയാന്‍ ശ്രമിക്കുന്നത്.
തന്റെ ഏറെ ശ്രദ്ധേയമായ പുസ്തകം “ദ ഫസ്റ്റ് കാഷ്വാലിറ്റി”യിലൂടെ ഫിലിപ്പ് നൈറ്റ്‌ലി പ്രാധാന്യമര്‍ഹിക്കുന്ന ഒരു മുന്നറിയിപ്പ് നമ്മള്‍ക്ക് നല്‍കുന്നുണ്ട്. “ഏറ്റവും സങ്കടകരമായ സത്യം എന്തെന്നാല്‍, പണ്ട് വാര്‍ കറസ്‌പോണ്ടന്റുമാര്‍ കഷ്ടപ്പെട്ട് ജനങ്ങളിലേക്ക് എത്തിച്ച സത്യസന്ധവും, വസ്തുതാപരവും, സമീകൃതവുമായ റിപ്പോര്‍ട്ടുകള്‍ ഇന്ന് ആര്‍ക്കും വേണ്ട. സര്‍ക്കാര്‍ തന്നെ പ്രൊപഗാന്‍ഡയിലൂടെ ഇവരെ യുദ്ധത്തെ അനുകൂലിക്കുന്നതിനായി സജ്ജരാക്കിയിരിക്കുന്നു എന്നതാണ് ഇതിനു കാരണം.”
വസ്തുതയും കെട്ടുകഥകളും
ബാലാകോട്ടില്‍ പാകിസ്താനെതിരെ ഇന്ത്യ വ്യോമാക്രമണം നടത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെ ഏതാനും ടി.വി. ചാനലുകള്‍ ആക്രമണത്തില്‍ 300ല്‍പരം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പേര് വെളിപ്പെടുത്താത്ത വാര്‍ത്താ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഇവര്‍ ഇത് പറഞ്ഞത്. എന്നാല്‍, ആക്രമണത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നപ്പോള്‍, കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം വെളിപെടുത്താന്‍ സര്‍ക്കാര്‍ വക്താവ് വിസമ്മതിച്ചു. അതേസമയം, അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങകളുടെ കണക്കുകളെ തള്ളിപ്പറയുകയാണുണ്ടായത്. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ഇവര്‍ പുറത്ത് കൊണ്ടുവന്ന വസ്തുതകള്‍ ഇന്ത്യന്‍ ടി.വി. ചാനലുകളെ നാണം കെടുത്തുകയും ചെയ്തു.
അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്റെ പിടിയിലാകും മുന്‍പ് “ദ ഹിന്ദു” പ്രസിദ്ധീകരിച്ച അപഗ്രഥനങ്ങളില്‍ വാര്‍ത്തയോടുള്ള ഉത്തരവാദിത്തപരവും സമചിത്തതയോടു കൂടിയുമുള്ള സമീപനമാണ് ദൃശ്യമായത്. ഉദാഹരണത്തിന്, ഹാപ്പിമോന്‍ ജേക്കബിന്റേതായി പത്രത്തില്‍ വന്ന “India”s options after Pulwama”(“പുല്‍വാമയ്ക്ക് ശേഷം ഇന്ത്യക്ക് മുന്നിലുള്ള വഴികള്‍”) എന്ന ലേഖനത്തില്‍ നിയന്ത്രണമേഖലയില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രിസിഷന്‍ സ്‌ട്രൈക്കുകള്‍ നടത്തുന്നതിനുള്ള വഴികളെക്കുറിച്ച് വിശദീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. “അങ്ങനെയുള്ള ആക്രമണങ്ങള്‍ നടക്കുന്നതിനു മുന്‍പേ തന്നെ പാകിസ്ഥാന്റെ റഡാറുകളും പ്രതിരോധ ഉപകരണങ്ങളും അത് തിരിച്ചറിയാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഒരു വിമാനം വെടിവെച്ചിടുകയോ, പൈലറ്റുമാരെ പാകിസ്ഥാന്‍ തടവിലാക്കുകയോ ചെയ്താല്‍, അത് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ വലിയ തലവേദന സൃഷ്ടിക്കും. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.”
എഴുത്തുകാരിയായ നമിത ഗോഖലെയും പ്രധാനപ്പെട്ട ഒരു നിരീക്ഷണം ഈയിടെ നടത്തിയിരുന്നു. “മഹാഭാരത ഇതിഹാസം നമ്മള്‍ക്ക് നല്‍കുന്ന വലിയൊരു പാഠമുണ്ട്. ചക്രവ്യൂഹവും അതില്‍പ്പെട്ടാലുള്ള അവസ്ഥയെക്കുറിച്ചുമാണത്.” നമിതയുടെ ട്വീറ്റ് ഭരണനിര്‍വഹണത്തെ കുറിച്ചോ സൈന്യസംബന്ധമായ കാര്യങ്ങളെ കുറിച്ചോ മാത്രമല്ല. അത് മാധ്യമപ്രവര്‍ത്തനത്തെകുറിച്ച് കൂടിയാണ്. വസ്തുതകള്‍ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ഈ തൊഴിലിന്റെ ധര്‍മ്മം. അതാണ് മറ്റു ജോലികളില്‍ നിന്നും ഇതിനെ വ്യത്യസ്തമാകുന്നതും. പ്രവേശന കവാടത്തെ കുറിച്ച് അറിവുണ്ടാവുകയും, പുറത്തിറങ്ങുന്നത് എങ്ങനെയെന്ന് മനസിലാക്കാതെ പോകുകയും ചെയ്ത അഭിമന്യുവാകാതിരിക്കാനാണ് അത് നമ്മളോട് ആവശ്യപ്പെടുന്നത്.
ഹാപ്പിമോന്‍ ജേക്കബ്, നമിത ഗോഖലെ
ഇന്ത്യയിലെ വിവേകമുള്ള മാധ്യമപ്രവര്‍ത്തകര്‍ പക്ഷപാതിത്വപരമായ, ദുഷ്ടലാക്കോടു കൂടിയുള്ള മാധ്യമപ്രവര്‍ത്തനത്തിനെതിരെ അതിരൂക്ഷമായി സംസാരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനവും പ്രൊപ്പഗാന്‍ഡയും തമ്മിലുള്ള വ്യത്യാസം കിടക്കുന്നത് റിപ്പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്ന ഭാഷയിലാണ്. ധാര്‍മ്മികബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു സൈനികന്റെ മരണത്തെ സൈനികന്റെ മരണം എന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യുകയും പ്രൊപ്പഗാന്‍ഡ അനുസരിച്ച് അയാളെ ധീര രക്തസാക്ഷിയായി ചിത്രീകരിക്കാതിരിക്കുകയും ചെയ്യും.
ദ ഹിന്ദു റീഡേഴ്‌സ് എഡിറ്റര്‍, എ.എസ് പനീര്‍ശെല്‍വന്‍ എഴുതിയ ലേഖനത്തിന്റെ (MARCH 04, 2019) സ്വതന്ത്ര പരിഭാഷ
പരിഭാഷ: ഹരികൃഷ്ണ. ബി
കടപ്പാട്: ദ ഹിന്ദു