| Tuesday, 18th July 2023, 6:04 pm

അമേരിക്കയില്‍ ഏറ്റവും മൂല്യമുള്ള കായിക താരം; മെസിയുടെ വേതന വിവരങ്ങള്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അമേരിക്കയില്‍ ഏറ്റവും മൂല്യമുള്ള കായിക താരമായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. പ്രതിവാരം 1.2 മില്യണ്‍ ഡോളര്‍ എന്ന നിലക്ക് 54 മില്യണ്‍ ഡോളറാണ് താരത്തിന് വാര്‍ഷിക വരുമാനമായി ഇന്റര്‍ മിയാമിയില്‍ നിന്ന് ലഭിക്കുക.

നിലവില്‍ ചിക്കാഗോ ഫയറിന് വേണ്ടി കളിക്കുന്ന ഷെര്‍ദാന്‍ ഷക്കീരിയാണ് എം.എല്‍.എല്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വേതനമുള്ള താരം. 8,153,000 ഡോളറാണ് ഷക്കീരിയുടെ വേതനം.

സ്‌പോര്‍ട്‌സ് ഓണ്‍ട്രപ്രെണറായ ആന്‍ഡ്ര്യൂ പെറ്റ്കാഷിന്റെ റിപ്പോര്‍ട്ട് പ്രകാരം മെസിക്ക് ലഭിക്കുന്ന 54 മില്യണ്‍ ഡോളറില്‍ 20.35 മില്യണ്‍ ഡോളര്‍ ഫെഡറല്‍ ടാക്‌സിലേക്ക് പോകും. 1.64 മില്യണ്‍ ഡോളര്‍ ജോക്ക് ടാക്‌സിനും 1.29 മില്യണ്‍ ഡോളര്‍ എഫ്.ഐ.സി.എ/മെഡികെയര്‍ എന്നിവയ്ക്കായും മാറ്റിവെക്കും.

അതേസമയം, മെസിക്ക് ഫ്‌ളോറിഡ ടാക്‌സും ഏജന്റ് ഫീസും നല്‍കേണ്ടി വരില്ല. ഇതെല്ലാം കഴിച്ച് 31.7 മില്യണ്‍ ഡോളറാണ് താരത്തിന് ലഭിക്കുക. സാലറി, സൈനിങ് ബോണസ്, ഇക്വിറ്റി എന്നിവ അടങ്ങുന്നതാണ് ഈ തുക. ഇതിന് പുറമെ അഡിഡാസ്, ആപ്പിള്‍, ഫെനാറ്റിക്‌സ് എന്നിവയില്‍ നിന്നുള്ള പ്രോഫിറ്റും താരത്തിന് ലഭിക്കും.

രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.

കഴിഞ്ഞ ദിവസമാണ് മയാമി മെസിയെ അവതരിപ്പിച്ചത്. ആരാധകരാല്‍ തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം കയ്യടികളോടെയാണ് തങ്ങളുടെ ലോക ചാമ്പ്യനെ സ്വീകരിച്ചത്. ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്സിയിലാണ് മെസി കളിക്കുക.

Content Highlights: The details of Messi’s income at Inter Miami is out now

We use cookies to give you the best possible experience. Learn more