നിലപാട് പണയം വെക്കാന്‍ തയ്യാറല്ല: പട്ടീലിനെ ഇ.ഡി. ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് ശരദ് പവാര്‍
national news
നിലപാട് പണയം വെക്കാന്‍ തയ്യാറല്ല: പട്ടീലിനെ ഇ.ഡി. ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2023, 8:33 am

മുംബൈ: നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാലും അവര്‍ തെരഞ്ഞെടുത്ത വഴിയില്‍ നിന്നും ഒരു മാറ്റവുമുണ്ടാകില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര എന്‍.സി.പി. നേതാവ് ജയന്ത് പട്ടീലിനെ ഇ.ഡി. ചോദ്യം ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സര്‍ക്കാര്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയാണെന്നും അദ്ദേഹം പൂനെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ ചില എന്‍.സി.പി നേതാക്കളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതീക്ഷയുണ്ടെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ അത് നിറവേറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നിലപാട് പണയം വെക്കില്ല. തെരഞ്ഞെടുത്ത പാത ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല,’ അദ്ദേഹം പറഞ്ഞു.

എന്‍.സി.പിയുടെ ഈ നിലപാട് പലര്‍ക്കും ദഹിക്കില്ലെന്നും എന്നാല്‍ തങ്ങള്‍ അതില്‍ ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അന്വേഷണം നേരിടുന്ന 10 നേതാക്കളുടെ പേരുകള്‍ ഞാന്‍ പട്ടികപ്പെടുത്തി. അവരില്‍ ചിലര്‍ ഇതേ ഏജന്‍സികളുടെ നടപടികള്‍ക്കും ഇരയായിട്ടുണ്ട്. എന്‍.സി.പി നേതാവായ അനില്‍ ദേശ്മുഖ്, വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി 100 കോടി രൂപ സ്വീകരിച്ചുവെന്ന ആരോപണം നേരിട്ട് 13-14 മാസം ജയിലില്‍ കിടന്നു. അവസാനം 100 കോടിയല്ല 1.50 കോടിയാണ് കൈപ്പറ്റിയതെന്ന് തെളിഞ്ഞു. ആരോപണങ്ങള്‍ എത്രമാത്രം അതിശയോക്തി നിറഞ്ഞതാണെന്ന് ഇതിലൂടെ മനസിലാക്കാം.

ആദ്യം ഇത്തരം ആരോപണങ്ങള്‍ നേരിടുമ്പോള്‍ ആളുകളില്‍ ഞെട്ടലുണ്ടായിരുന്നു. ദേശ്മുഖിന് മാനനഷ്ടം ഉണ്ടായി. അധികാര ദുര്‍വിനിയോഗത്തിന്റെ മികച്ച ഉദാഹരണമാണിത്,’ പവാര്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന്റെ ഭാഗമാകുമ്പോള്‍ ഇതൊക്കെ നേരിടേണ്ടി വരുമെന്ന് ചോദ്യം ചെയ്യലിന് ശേഷം ജയന്ത് പട്ടീലും പ്രതികരിച്ചു.

സാമ്പത്തിക സ്ഥാപനമായ ഐ.എല്‍ ആന്റ് എഫ്. എസിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളം പട്ടീലിനെ ചോദ്യം ചെയ്തത്.

CONTENT HIGHLIGHT: The desire of the central government was not fulfilled; Not ready to pledge position: Sharad Pawar