കോഴിക്കോട്: മുസ്‌ലിം ലീഗ് ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴമാണ് ഇന്ന് ലീഗ് ഹൗസില്‍ കണ്ടതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്. പാണക്കാട് തങ്ങളുടെ പ്രതിനിധിയായാണ് മുഈനലി ഇന്ന് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഈനലി പറഞ്ഞ കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമില്ലാത്ത അവസ്ഥയാണ് ലീഗിലുള്ളത്. പാണക്കാട് കുടുംബം പ്രവാചക പരമ്പരയിലുള്ളതാണ്. രാഷ്ട്രീയ വിയോജിപ്പുള്ളവര്‍ പോലും ആദരിക്കുന്ന കുടുംബത്തിലെ ഒരാള്‍ക്കാണ് ഇന്ന് തെറിവിളി കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഈനലിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ പിതാവ് അനുഭവിക്കുന്ന പ്രയാസങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നതാണെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
ഐ.എൻ.എല്ലിന്റെ വഴിയിലേക്ക് നടന്നെത്താൻ ലീഗിന് ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും എ.പി. അബ്ദുൾ വഹാബ് പറഞ്ഞു.
‘ലീഗ് എത്തിയ അപകടകരമായ അവസ്ഥയുടെ ഭീകര ചിത്രമാണ് ഇന്ന് ലീഗ് ഹൗസില്‍ നടന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ ചരിത്രത്തിലിന്നോളമില്ലാത്ത വാസ്തവങ്ങള്‍ വിളിച്ചുപറഞ്ഞു. മുഈനലിയെ തെറിവിളിച്ച റാഫി ആരേയാണ് പ്രതിനിധികരിക്കുന്നതെന്ന് ലീഗ് പറയണം,’ അബ്ദുള്‍ വഹാബ് പറഞ്ഞു.
അതേസമയം. ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങളാണ് നടന്നത്.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് മുഈനലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.
തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.
വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.
വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഈനലി ഉന്നയിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞു.
നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഫിനാന്‍സ് മാനേജര്‍ സമീറിനെവെച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ധനകാര്യ മാനേജ്മെന്റ് ആകെ പാളിയെന്ന് അദ്ദേഹം പറഞ്ഞു.
പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്,’ മുഈനലി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: The depth of the defeat that the Muslim League has reached today was seen in the League House, said AP. Abdul Wahab