ബേപ്പൂര്‍ ഫെസ്റ്റിന് മാത്രമല്ല, മൂന്നാറിലെയും നിശാഗന്ധിയിലെയും ആഘോഷങ്ങള്‍ക്ക് ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചതായി രേഖകള്‍
Kerala News
ബേപ്പൂര്‍ ഫെസ്റ്റിന് മാത്രമല്ല, മൂന്നാറിലെയും നിശാഗന്ധിയിലെയും ആഘോഷങ്ങള്‍ക്ക് ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചതായി രേഖകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 2:23 pm

കോഴിക്കോട്: ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ച് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് മാത്രമായി ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചു എന്ന ആരോപണങ്ങള്‍ നിഷേധിക്കുന്ന രേഖകള്‍ പുറത്ത്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് മാത്രമല്ല തിരുവനന്തപുരത്തെ നിശാഗന്ധി ഫെസ്റ്റിനും മൂന്നാറിലെ ഗ്ലോബല്‍ വിമണ്‍ കോണ്‍ഫറന്‍സ് ഓണ്‍ റെസ്‌പോസിബിള്‍ ടൂറിസം ഫെസ്റ്റിനും ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് ഫണ്ട് അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയ ജൂലൈ 22ന് തന്നെയാണ് ഈ രണ്ട് ഫെസ്റ്റുകള്‍ക്കും ഫണ്ട് അനുവദിച്ച് കൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ ഒക്ടോബറിലാണ് മൂന്നാറിലെ ഗ്ലോബല്‍ വിമണ്‍ കോണ്‍ഫറന്‍സ് ഓണ്‍ റെസ്‌പോസിബിള്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വയനാട് ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തില്‍ അത് നീട്ടിവെക്കുകയായിരുന്നു. 1,32,5000 (ഒരു കോടി മുപ്പതി രണ്ട് ലക്ഷത്തി അന്‍പതിനായിരം) രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്.

 An order issued by the Department of Tourism on July 22, 2024 allocating funds for Nishagandhi Fest

നിശാഗന്ധി ഫെസ്റ്റിന് തുക അനുവദിച്ച് കൊണ്ട് 2024 ജൂലൈ 22ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവ്‌

അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താന്‍ ഉദ്ദേശിക്കുന്ന തിരുവനന്തപുരത്തെ നിശാഗന്ധി ഡാന്‍സ് ഫെസ്റ്റിനും ഈ ജൂലൈ 22ന് തന്നെ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. 1,72,65000 (ഒരു കോടി എഴുപത്തി രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം) രൂപയാണ് ഈ പരിപാടിക്കായി ടൂറിസം വകുപ്പ് അനുവദിച്ചിട്ടുള്ളത്.

Government order sanctioning funds for the Global Women's Conference on Responsible Tourism project in Munnar

മൂന്നാറിലെ ഗ്ലോബല്‍ വിമണ്‍ കോണ്‍ഫറന്‍സ് ഓണ്‍ റെസ്‌പോസിബിള്‍ ടൂറിസം പദ്ധതിക്ക് ഫണ്ട് അനുവദിച്ച് കൊണ്ടുള്ള ടൂറിസം വകുപ്പിന്റെ ഉത്തരവ്‌

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങലിലടക്കം നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ച് ടൂറിസം മന്ത്രിയുടെ മണ്ഡലത്തിലെ ബേപ്പൂര്‍ ഫെസ്റ്റിന് മാത്രം ഫണ്ട് അനുവദിച്ചു എന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് മാത്രമല്ല, സംസ്ഥാനത്തെ മറ്റു ടൂറിസം ആഘോഷങ്ങള്‍ക്കും ജൂലൈയില്‍ തന്നെ വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്.

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ദുരന്തമുണ്ടായ തൊട്ടടുത്ത മാസമായ സെപ്തംബറില്‍ നടക്കുന്ന വള്ളംകളി മാറ്റിവെച്ചത്. എന്നാല്‍ ബേപ്പൂര്‍ഫെസ്റ്റും നിശാഗന്ധി ഡാന്‍സ് ഫെസ്റ്റും മൂന്നാറിലെ ഫെസ്റ്റുമെല്ലാം നടക്കുന്നത് ഒക്ടോബറിലും ഡിസംബറിലും അടുത്ത വര്‍ഷവുമെല്ലാമാണ്.

കൂടാതെ ഈ ഫെസ്റ്റുകള്‍ക്കെല്ലാം ജൂലൈ 22ന് തുക അനുവദിച്ച് കൊണ്ട് ടൂറിസം വകുപ്പ് ഉത്തവിറിക്കിയിട്ടുണ്ടെങ്കിലും ജി.ഒ. ഇറങ്ങിയത് ഇപ്പോഴാണ്. ഇതാണ് നെഹ്‌റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദങ്ങളുണ്ടാകാന്‍ കാരണമായത്.

മാത്രവുമല്ല നെഹ്‌റുട്രോഫി വള്ളംകളിയെ തഴഞ്ഞിട്ടില്ലെന്നും എപ്പോള്‍ വള്ളംകളി സംഘടിപ്പിക്കാന്‍ തീരുമാനിച്ചാലും സര്‍ക്കാര്‍ സഹായം നല്‍കുമെന്നും കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വള്ളം കളിക്ക് ടൂറിസം വകുപ്പിന്റെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം വള്ളം കളി നടത്തുന്നത് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും സര്‍ക്കാര്‍ ധനസഹായം നല്‍കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ മാസം നടക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം നെഹ്‌റുട്രോഫി വള്ളംകളി അനിശ്ചിതമായി മാറ്റിവെക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഓണത്തോടനുബന്ധിച്ച് പരമാവധി നേരത്തെ തന്നെ നടത്താനാണ് തീരുമാനമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഇതിനായി വിപുലമായ സംഘാടക സമിതി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: The Department of Tourism has allocated funds not only for the Beypur Fest but also for the celebrations in Munnar and Nishagandi