| Thursday, 19th May 2022, 8:31 am

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല; വാഗമണ്‍ ഓഫ് റോഡ് റെയ്‌സില്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജു ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്താം തീയതിയാണ് ഇടുക്കി ആര്‍.ടി.ഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.

ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍.ടി.ഒ ഓഫീസില്‍ എത്തുമെന്ന് ജോജു അറിയിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും  തയ്യാറായില്ല.  ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ജോജുവിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്.

ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കളക്ടറും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ആര്‍.ടി.ഒ വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ നടന്‍ ജോജു ജോര്‍ജ്ജ് ഉള്‍പ്പെടെ 17 പേരോടാണ് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ്് നടപടി. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി. ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

നേരത്തെ കൊച്ചിയില്‍ വഴിതടയല്‍ സമരത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജോജു ജോര്‍ജ് കെ.എസ്.യു പോര് മുറികിയരുന്നു.  ജോജു അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം അടക്കം കെ.എസ്.യു തടയുകയുണ്ടായി.അതിനിടെയാണ് നടനെതിരെ പുതിയ പരാതിയുമായി കെ.എസ്.യു നേതാവ് രംഗത്തെത്തിയത്.

വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോര്‍ജ് പങ്കെടുത്തത്.

ഡ്രൈവിന് ശേഷമുള്ള ജോജുവിന്റെ ആഹ്ലാദവും ആവേശവും പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അനുമതിയില്ലാതെ ഓഫ് റോഡ് റെയ്സ് സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെയും, വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: The Department of Motor Vehicles has announced that Jojo George’s license will be revoked

We use cookies to give you the best possible experience. Learn more