| Tuesday, 14th February 2023, 7:56 am

അന്ന് വിരാടിനെ കൈവിട്ടതിന്റെ പശ്ചാത്താപം തീര്‍ക്കുന്നത് ഇങ്ങനെയാണ്; പതിവ് തെറ്റിച്ചില്ല, എന്നത്തേയും പോലെ ഇത്തവണ ഷെഫാലിയെയും സ്വന്തമാക്കി ദല്‍ഹി

സ്പോര്‍ട്സ് ഡെസ്‌ക്

പ്രഥമ വനിതാ ഐ.പി.എല്ലിന് മുന്നോടിയായുള്ള താര ലേലം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. അഞ്ച് ടീമുകളാണ് വനിതാ ഐ.പി.എല്ലില്‍ പങ്കടുക്കുന്നത്. ഗുജറാത്ത് ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ്, യു.പി വാറിയേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ടീമുകള്‍.

ലേലത്തില്‍ മിക്ക സൂപ്പര്‍ താരങ്ങളും നേട്ടമുണ്ടാക്കിയിരുന്നു. സ്മൃതി മന്ദാനയെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സായിരുന്നു തിരി കൊളുത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സും പിന്നാലെയെത്തി.

ആരാധകര്‍ ഏറെ കാത്തിരുന്നത് യുവതാരം ഷെഫാലി വര്‍മയെ ആര് സ്വന്തമാക്കും എന്ന് അറിയാനായിരുന്നു. വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ഏക ക്യാപ്റ്റനായ ഷെഫാലിയെ സ്വന്തമാക്കാന്‍ കടുത്ത മത്സരം തന്നെ നടന്നിരുന്നു.

ഒടുവില്‍ രണ്ട് കോടി രൂപക്ക് ദല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്ത്യയുടെ അണ്ടര്‍ 19 വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റനെ സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയിക്കുന്ന ക്യാപ്റ്റന്‍മാരെ സ്വന്തമാക്കുന്നത് പതിവാക്കിയ ദല്‍ഹി ഫ്രാഞ്ചൈസി ഇത്തവണയും ആ ശീലത്തിന് മാറ്റം വരുത്തിയില്ല. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത അണ്ടര്‍ 19 ക്യാപ്റ്റന്‍മാരില്‍ ഒരാളൊഴികെ എല്ലാവരെയും ലേലത്തില്‍ സ്വന്തമാക്കിയത് ദല്‍ഹിയായിരുന്നു.

ആ ഒരു താരത്തെ സ്വന്തമാക്കാതെ പോയതില്‍ ദല്‍ഹി പിന്നീട് ഖേദിക്കുകയായിരുന്നു. വിരാട് കോഹ്‌ലിയെയായിരുന്നു 2008ല്‍ അന്നത്തെ ദല്‍ഹി ഡെയര്‍ഡെവിള്‍സ് കൈവിട്ടുകളഞ്ഞത്. പ്രദീപ് സാങ്‌വാനെയായിരുന്നു അന്ന് ദല്‍ഹി വിരാടിന് പകരം ടീമിലെത്തിച്ചത്.

വിരാടിന് ശേഷം അണ്ടര്‍ 19 പുരുഷ ലോകകപ്പില്‍ ഇന്ത്യ മൂന്ന് തവണയാണ് ചാമ്പ്യന്‍മാരായത്. അപ്പോള്‍ ക്യാപ്റ്റന്‍മാരായ മൂന്ന് പേരെയും ദല്‍ഹി തന്നെ വിടാതെ ടീമിലെത്തിച്ചു.

2012ല്‍ ഉന്മുക്ത് ചന്ദിനെ ടീമിലെത്തിച്ച ദല്‍ഹി, 2018ല്‍ പൃഥ്വി ഷായെയും 2022ല്‍ യാഷ് ദുള്ളിനെയും സ്വന്തമാക്കി. 2023ല്‍ വനിതാ ഐ.പി.എല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യക്ക് അണ്ടര്‍ 19 ടി-20 ലോകകപ്പ് നേടിത്തന്ന ഷെഫാലിയെയും ദല്‍ഹി മറന്നില്ല.

ഷെഫാലിക്ക് പുറമെ ജമീമ റോഡ്രിഗസ് അടക്കമുള്ള പല സൂപ്പര്‍ താരങ്ങളെയും ദല്‍ഹി ടീമിലെത്തിച്ചിരുന്നു.

ലേലത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയ താരങ്ങള്‍

1. ഷെഫാലി വര്‍മ – 2 കോടി

2. ജമീമ റോഡ്രിഗസ് – 2.2 കോടി

3. മെഗ് ലീനിങ് – 1.1 കോടി

4. രാധ യാദവ് – 40 ലക്ഷം

5. ശിഖ പാണ്ഡേ – 60 ലക്ഷം

6. മാരിസന്‍ കാപ്പ് – 1.5 കോടി

7. ടൈറ്റസ് സാധു – 25 ലക്ഷം

8. അലീസ് കാപ്‌സി – 75 ലക്ഷം

9. ടാര നോറിസ് – 10 ലക്ഷം

10. ലോറ ഹാരിസ് – 45 ലക്ഷം

11. ജാസിയ അക്തര്‍ – 20 ലക്ഷം

12. മിന്നു മണി – 30 ലക്ഷം

13. പൂനം യാദവ് – 30 ലക്ഷം

14. സ്‌നേഹ ദീപ്തി – 30 ലക്ഷം

15. അരുന്ധതി റെഡ്ഡി – 30 ലക്ഷം

16. അപര്‍ണ മോണ്ഡല്‍ – 10 ലക്ഷം

Content Highlight:  Delhi team is bringing Under-19 Weld Cup winning captains to the team in IPL

We use cookies to give you the best possible experience. Learn more