| Thursday, 2nd June 2022, 8:14 am

സ്വന്തം ശരീരത്തിന്മേലുള്ള അവകാശം വ്യക്തിയ്ക്ക് മാത്രം; അവയവദാനത്തിന് പങ്കാളിയുടെ സമ്മതം വേണ്ട: ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അവയവദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ലെന്ന് വ്യക്തമാക്കി ദല്‍ഹി ഹൈക്കോടതി.

സ്വന്തം ശരീരത്തിനുമേലുള്ള അവകാശം വ്യക്തിയ്ക്ക് മാത്രമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ദല്‍ഹി സ്വദേശി നേഹാദേവി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. പിതാവിന് വൃക്ക ദാനംചെയ്യാന്‍ ഭര്‍ത്താവിന്റെ അനുമതിപത്രം ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ക്കെതിരെയാണ് നേഹാദേവി ഹൈക്കോടതിയെ സമീപിച്ചത്.

‘ശരീരത്തില്‍ അന്തിമ അധികാരം വ്യക്തിക്കുതന്നെയാണ്. വിവാഹിത അവയവദാനത്തിന് പങ്കാളിയില്‍നിന്ന് അനുമതിതേടേണ്ടതില്ല. കാരണം സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല,’ കോടതി വ്യക്തമാക്കി.

‘വ്യക്തിപരവും അനിഷേധ്യവുമായ ആ അവകാശം ഇണയുടെ സമ്മതത്തിന് വിധേയമാണെന്ന് അംഗീകരിക്കാന്‍ കഴിയില്ല.’ കോടതി പറഞ്ഞു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയാണ് ഹര്‍ജി പരിഗണിച്ചത്. 1994-ലെ മനുഷ്യാവയവങ്ങള്‍ മാറ്റിവെയ്ക്കല്‍ നിയമം പ്രകാരം ഹരജിക്കാരി പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം അവയവദാനം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.

1994ലെ അവയവദാന ചട്ടത്തില്‍ അടുത്ത ബന്ധുവിന് അവയദാനം ചെയ്യാന്‍ പങ്കാളിയില്‍ നിന്ന് അനുമതി ആവശ്യമാണെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും, അതുകൊണ്ട് വിവാഹിത, അവയവദാനങ്ങളില്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും കോടതി പറഞ്ഞു.

നിയമപരമായി വിവാഹമോചനം നേടിയെട്ടില്ലെങ്കിലും ഹര്‍ജിക്കാരി ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടെയാണ് പിതാവിന് വൃക്കദാനം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് അനുമതി പത്രമില്ലാതെ ശസ്ത്രക്രിയ നടത്തില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് നേഹ ദേവി കോടതിയെ സമീപിച്ചത്.

1995 ഫെബ്രുവരി 4 നാണ് മനുഷ്യാവയവങ്ങള്‍ മാറ്റിവെയ്ക്കല്‍ നിയമം പ്രാബല്യത്തില്‍ വന്നത്.

മനുഷ്യാവയവങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അധികാരം, മനുഷ്യാവയവങ്ങള്‍ സംരക്ഷിക്കല്‍, മനുഷ്യാവയവങ്ങള്‍ നീക്കം ചെയ്യല്‍, സംഭരണം അല്ലെങ്കില്‍ മാറ്റിവെക്കല്‍ നടത്തുന്ന ആശുപത്രികളുടെ നിയന്ത്രണം, ഉചിതമായ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളുടെ രജിസ്‌ട്രേഷന്‍, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശിക്ഷ എന്നിവ സംബന്ധിച്ച വിശദമായ വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നു.

Content Highlights: The Delhi High Court has ruled that organ donation does not require the consent of the partner

We use cookies to give you the best possible experience. Learn more