പീഡനത്തിനിരയായ പതിനാറുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ദല്‍ഹി ഹൈക്കോടതി
national news
പീഡനത്തിനിരയായ പതിനാറുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2023, 5:04 pm

ന്യൂദല്‍ഹി: 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ പീഡനത്തിനിരയായ പതിനാറുകാരിക്ക് അനുമതി നല്‍കി ദല്‍ഹി ഹൈക്കോടതി. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള നിര്‍മല്‍ ഛയ്യ കോംപ്ലക്സിലാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ താമസിക്കുന്നത്.

പിതാവിനൊപ്പം പോകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസിലാക്കിയ കോടതി വിഷയത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആദ്യം ഗര്‍ഭഛിദ്രത്തിന് പെണ്‍കുട്ടിയും പിതാവും സമ്മതിച്ചിരുന്നെങ്കിലും, പിന്നീട് സമ്മതപത്രത്തില്‍ ഒപ്പിടാതെ പിതാവ് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലയില്‍ നിര്‍മല്‍ ഛയ്യ കോംപ്ലക്സിന്റെ സൂപ്രണ്ട് സമ്മതപത്രത്തില്‍ ഒപ്പിട്ടാല്‍ മതിയാകുമെന്ന് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ വ്യക്തമാക്കി.

‘മാനസികവും ശാരീരികവുമായി തയ്യാറല്ലാത്ത സാഹചര്യത്തില്‍
കുഞ്ഞിന് ജന്മം നല്‍കാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അനുവദിക്കുന്നത് ശരിയായ നടപടിയല്ല. പ്രസവത്തിന് അനുമതി നല്‍കുന്നത് പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. മാനസികവും ശാരീരികവും സാമൂഹ്യവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. അതനുവദിക്കാനാവില്ല,’ കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാടേ കോടതിക്ക് സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി അഭിപ്രായപ്പെട്ടു.

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കൃത്യമായ നടപടി ക്രമങ്ങള്‍
പാലിച്ചുകൊണ്ട് വേണം ഗര്‍ഭഛിദ്രം നടത്തേണ്ടതെന്ന് പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ലേഡി ഹാര്‍ഡിന്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും മെഡിക്കല്‍ ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഗര്‍ഭഛിദ്രത്തിനും തുടര്‍ ചികിത്സയ്ക്കുമുള്ള ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.