പൂനിയക്കും ഫോഗട്ടിനും നേരിട്ട് യോഗ്യത; ചോദ്യം ചെയ്ത ഗുസ്തിക്കാരുടെ ഹരജി തള്ളി
national news
പൂനിയക്കും ഫോഗട്ടിനും നേരിട്ട് യോഗ്യത; ചോദ്യം ചെയ്ത ഗുസ്തിക്കാരുടെ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd July 2023, 8:54 pm

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതിനെ ചോദ്യം ചെയ്ത ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ഗുസ്തി താരങ്ങളായ അന്റിം പങ്കല്‍, സുജീത് കല്‍ക്കല്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്.

ബജ്‌റംഗ് പൂനിയയെയും വിനേഷ് ഫോഗട്ടിനെയും ട്രയല്‍സില്ലാതെ ഏഷ്യന്‍ ഗെയിംസില്‍ നേരിട്ട് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അനുവദിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം കോടതി ശരിവെക്കുകയും ചെയ്തു.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ രണ്ട് താരങ്ങള്‍ക്കും അനുവദിച്ച ഇളവ് ചോദ്യം ചെയ്ത് കൊണ്ടുള്ള ആശങ്കകള്‍ ആന്റം പങ്കല്‍ വീഡിയോ കോള്‍ വഴിയാണ് തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. ഒരു ട്രയല്‍സുമില്ലാതെ പൂനിയയെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അനുവദിച്ചതില്‍ സുജീത് കല്‍കലും ആശങ്ക അറിയിച്ചു.

ചാമ്പ്യന്‍ഷിപ്പിന് മുമ്പേയുള്ള ട്രയലിന് ഇളവുകള്‍ അനുവദിക്കുന്നത് നീതിപൂര്‍വമല്ലെന്നായിരുന്നു ഇരുവരുടെയും വാദം.

‘ഞാന്‍ കളിക്കുന്നത് 65 കിലോഗ്രാം വിഭാഗത്തിലാണ്. ട്രയലൊന്നുമില്ലാതെ ബജ്‌റംഗ് പൂനിയക്ക് നേരിട്ട് കളിക്കാന്‍ പ്രവേശനം ലഭിക്കുകയായിരുന്നു. ഞങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു വര്‍ഷം അവര്‍ പ്രതിഷേധിക്കുകയായിരുന്നു.

അവര്‍ക്ക് ട്രയല്‍ മത്സരമില്ലാതെ പങ്കെടുപ്പിച്ചാല്‍ ഞങ്ങള്‍ കോടതിയെ സമീപിക്കും. ഞങ്ങള്‍ക്ക് കോടതിക്ക് മുന്നാകെ അപ്പീല്‍ നല്‍കും. ഞങ്ങള്‍ 15 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്നു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നില്ലെന്ന് പൂനിയ പറഞ്ഞാല്‍ മറ്റൊരാള്‍ക്ക് അവസരം ലഭിക്കും,’ മറ്റൊരു ഗുസ്തി താരമായ വിശാല്‍ കലിരാമന്‍ പറഞ്ഞു.

എന്നാല്‍ ഇളവ് നല്‍കാനുള്ള ഫെഡറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് തോന്നുന്നില്ലെന്ന് കോടതി പറഞ്ഞു.

‘രണ്ട് ഗുസ്തി താരങ്ങളും ലോകത്ത് തന്നെ മികച്ച 10 റാങ്കില്‍ നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ തീരുമാനം ഏകപക്ഷീയമാണെന്ന് പറയാന്‍ സാധിക്കില്ല. ഏഷ്യന്‍ ഗെയിംസ് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും. മെഡല്‍ സാധ്യതയുള്ള താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ മത്സരത്തെ ബാധിക്കും,’ കോടതി നിരീക്ഷിച്ചു.

ഈ മാസം ആദ്യം നടന്ന പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീ സ്റ്റൈല്‍, വനിതകളുടെ 53 കിലോഗ്രാം ഫ്രീ സ്റ്റൈലിലേക്കുമുള്ള ട്രയല്‍ മത്സരത്തില്‍ നിന്നുമാണ് ഇരുവര്‍ക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഡ് ഹോക്ക് കമ്മിറ്റി ഇളവ് നല്‍കിയത്. ഇതിനെതിരെയാണ് ഗുസ്തി താരങ്ങള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഹരജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ഹൃഷികേശ് ബര്‍വ, അക്ഷയ് കുമാര്‍ എന്നിവരും ഫോഗട്ടിനും പുനിയക്കും വേണ്ടി തുഷാര്‍ ഗിരി, സാഹില്‍ ഭലൈക്, സിദ്ധാര്‍ത്ഥ് അനില്‍ ഖന്ന എന്നിവരും ഹാജരായി.

CONTENT HIGHLIGHTS: The Delhi court dismissed the plea for not participating in the trial interrogation of Punia and Phogat