| Tuesday, 2nd September 2014, 11:23 am

വധശിക്ഷ വൈകിക്കുന്നത് പ്രതികള്‍ക്ക് ഇരട്ട ശിക്ഷ നല്‍കുന്നതിന് തുല്യം; സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വധശിക്ഷ വൈകിക്കുന്നത് പ്രതികള്‍ക്ക് ഇരട്ട ശിക്ഷ നല്‍കുന്നതിന് തുല്യമെന്ന് സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

[]അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസുകളിലെ വധശിക്ഷയിലുള്ള റിവ്യൂ ഹര്‍ജി ജഡ്ജിന്റെ ചേംബറില്‍ നടത്തണോ അതോ തുറന്ന കോടതിയില്‍ നടത്തണോ എന്ന വിഷയത്തില്‍ വിധി പറയുകയായിരുന്നു ജസ്റ്റിസ് ചലമേശ്വര്‍, ജസ്റ്റിസ് റോഹിന്‍ടന്‍ എന്നിവരടങ്ങുന്ന ബഞ്ച്. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയാണ് ബഞ്ച് നയിക്കുന്നതെങ്കിലും സാധാരണഗതിയില്‍ രണ്ടംഗ ബഞ്ചാണ് വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വാദം കേള്‍ക്കുന്നത്.

വധശിക്ഷയില്‍ ലഭിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം എന്നായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും വാദം കേള്‍ക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുത്തല്‍ ഹര്‍ജികള്‍ക്ക് ഇത് ബാധകമല്ലെന്നും മൂന്നംഗ ബഞ്ചാണ് വാദം കേള്‍ക്കേണ്ടതെന്നും കോടതി പറഞ്ഞു.

വധശിക്ഷ കാത്ത് കഴിയുന്ന 8 പ്രതികള്‍ നല്‍കിയ റിട്ട് പെറ്റീഷനെ അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി. 2000ലെ ധര്‍മപുരി ബസ് കത്തിക്കല്‍ കേസ് പ്രതികളായ നെടും ചേഴിയന്‍, രവീന്ദ്രന്‍, മുനിയപ്പന്‍, റെഡ്‌ഫോര്‍ട്ട് 2000ല്‍ ആക്രമിച്ച കേസിലെ അഷറഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ആരിഫ്, ബോംബെ സ്‌ഫോടന കേസിലെ യാക്കൂബ് മേമണ്‍, ഒപ്പം ബി.എ. ഉമേഷ്, സുന്ദര്‍ എന്നിവരാണ് റിട്ട് പെറ്റീഷന്‍നല്‍കിയത്‌.

ഇത് ഒരു വ്യക്തിയുടെ ജീവനുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതുകൊണ്ട് തന്നെ വധശിക്ഷയ്‌ക്കെതിരായ റിവ്യൂ പെറ്റീഷന്‍ മൂന്നുമുതല്‍ അഞ്ച് അംഗങ്ങള്‍ വരെ അടങ്ങുന്ന ബഞ്ച്, തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയില്‍ വാദിച്ചത്.

ജഡ്ജിയുടെ ചേമ്പറില്‍ വെച്ച് റിവ്യൂ പെറ്റീഷനുകളില്‍ ജഡ്ജ് വിധിപറയുന്ന സമ്പദായത്തിന്റെ ഭരണഘടനാപരമായ നിലനില്‍പ്പും പ്രതികള്‍ കോടതിയില്‍ ചോദ്യം ചെയ്തു.

അതേസമയം മരണം കാത്ത് കഴിയുക എന്നത് കടുത്ത മാനസിക പീഡയാണ് ഉണ്ടാക്കുന്നതെന്നും അത് ജീവപര്യന്തവും വധശിക്ഷയുമെന്ന ഇരട്ട ശിക്ഷയ്ക്ക് തുല്യമാണെന്നും പ്രതികളായ മേമണും ആരിഫും കോടതിയില്‍ പ്രത്യേകം നല്‍കിയ പരാതിയില്‍ പറയുന്നു.

ജീവനെടുക്കും മുമ്പ് ഭരണഘടനാ പ്രകാരം പ്രതികള്‍ക്ക് ജീവിക്കാനുള്ള സാധ്യമാവുന്ന അവസരങ്ങളെല്ലാം നല്‍കണം. ഇതിനായിരിക്കണം പ്രഥമ പരിഗണന എന്നും മേമണ്‍ തന്റെ പെറ്റീഷനില്‍ വാദിച്ചിരുന്നു.

ഇതോടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ വഴിത്തിരിവുകളാണ് ഉണ്ടാവുന്നത്. സുപ്രീം കോടതിയുടെ ഈ വിധി വധശിക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതി റൂളുകളില്‍ മാറ്റം വരുത്തും.

2013 ആഗസ്റ്റ് മുതല്‍ നിലവില്‍ വന്ന റൂളില്‍ “വധശിക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അപ്പീലുകളും മറ്റ് നടപടിക്രമങ്ങളും മൂന്ന് ജഡ്ജിമാരില്‍ കുറയാത്ത ബഞ്ച് വേണം കൈകാര്യം ചെയ്യാന്‍” എന്ന് നിഷ്‌കര്‍ഷിക്കുന്നുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ജഡ്ജുമാരടങ്ങുന്ന ബഞ്ചാണ് ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more