| Sunday, 13th March 2022, 12:42 pm

ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്; കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണ്: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ച പരാജയം രാജ്യത്തിന്റെ കൂടി പരാജയമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. വിസ്ഡം മുജാഹിദ് സംഘടനയുടെ പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷക നല്‍കുന്നതല്ല. എങ്കിലും നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുക. തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ല. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പണ്ടുതൊട്ടെ മനസിലാക്കിയ മനുഷ്യര്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് വിധി നിരാശയുണ്ടാക്കുന്നതാണെന്നും ബല്‍റാം പറഞ്ഞു.

‘ഈ നാടിന്റെ ചരിത്രമാണ് നമുക്ക് വീണ്ടും പ്രതീക്ഷയോട് കൂടി മുന്നോട്ട് പോകാന്‍ സഹായിക്കുന്നത്. ഈ ലോകത്തിന്റെ ചരിത്രവും അങ്ങനെ തന്നെയാണ്. എത്ര നീണ്ട ഇരവിന് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും എന്ന ശുഭ പ്രതീക്ഷ തന്നെയാണ് നമ്മെ നയിക്കുന്നത്. അത് ഈ നാടിന്റെ ചരിത്രത്തിലുള്ള വിശ്വാസമാണ്. ഈ നാടിന്റെ അടിത്തറ അത്രമേല്‍ ഭദ്രമാണ്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കടന്നുവന്ന ഘട്ടത്തില്‍ തന്നെ ഈ നാടിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ചില അടിസ്ഥാന സങ്കല്‍പങ്ങള്‍ നമ്മള്‍ രൂപപ്പെടുത്തി വെച്ചിട്ടുണ്ട്.

ആ അടിസ്ഥാന സങ്കല്‍പങ്ങളും മൂല്യങ്ങളും ആശയങ്ങളും നമുക്ക് ഇന്നും വഴി കാട്ടുകയാണ്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി തന്നെ തുടരേണ്ടതുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തന്നെ തുടരേണ്ടതുണ്ട്. ആധുനികതയിലേക്ക് ഉറ്റുനോക്കുന്ന പുരോഗമന കാഴ്ച്ചപ്പാടുള്ള ഒരു നാടെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന് ഇനിയുമൊരു ഭാവിയുണ്ടെന്ന് എന്ന് തന്നെ വിശ്വസിക്കാന്‍ ആഗ്രഹിക്കുകയാണ്. ആ അടിസ്ഥാന മൂല്യങ്ങളിലാണ് നമ്മള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്.

ഏത് യോഗിക്കും വീണ്ടും അധികാരത്തിലേറാന്‍ പറ്റുന്നുവെന്നത് ഗൗരവകരമായിട്ടുള്ളൊരു കാര്യമാണ്. ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്. മൂല്യങ്ങളെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വി തന്നെയായി മാറും. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു മുസ്‌ലിമിനെ കാണാന്‍ സാധിക്കുന്നില്ല എന്നതാണ് കാര്യം. മാറ്റി നിര്‍ത്തലിന്റെ രാഷ്ട്രീയം ജനങ്ങളാല്‍ അംഗീകരിക്കപ്പെടുന്നു. അതാണ് ഉത്തര്‍പ്രദേശിലൊക്കെ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ വിജയ-പരാജയമല്ല, മറിച്ച് ഇത്ര പരസ്യമായി പുറന്തള്ളലിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യുന്ന ജനത ഉണ്ടാകുന്നില്ല എന്നതാണ് പേടിക്കേണ്ടത്,’ വി.ടി. ബല്‍റാം പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ദല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. നാല് മണിക്കാണ് യോഗം.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കള്‍ നിലപാട് കടിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാ ഗാന്ധിയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. രാജി വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.


Content Highlights: The defeat of the Congress is the defeat of this country: VT Balram

We use cookies to give you the best possible experience. Learn more