ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗിലൊന്നാണ് ഐ.പി.എല്‍. ബി.ബി.എല്‍, ടി-20 ബ്ലാസ്റ്റ്, പി.എസ്.എല്‍ തുടങ്ങി ഫ്രാഞ്ചൈസി ലീഗുകള്‍ ഒരുപാടുണ്ടെങ്കിലും ഐ.പി.എല്ലിന്റെ ഗ്ലാമര്‍ ഗെയിമിന്റെ പഞ്ചോ പവറോ മറ്റ് ലീഗുകള്‍ക്കൊന്നും അവകാശപ്പെടാനാവില്ല.
ആരാധകവൃന്ദമാണ് ഐ.പി.എല്‍ മത്സരങ്ങളെ എന്നും ആവേശത്തിലാഴ്ത്തുന്നത്. ആരാധകരുടെ ആവേശവും മത്സരങ്ങളും പോര്‍വിളിയുമെല്ലാം തന്നെ ഐ.പി.എല്ലിനെ എന്നും വേറെ ലെവലിലേക്കെത്തിക്കാറുണ്ട്.
എന്നാല്‍, ആരാധന അതിര് വിടുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനിടെ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ചയാവുന്നത്.
റോയല്‍ ചാലഞ്ചേഴ്‌സ് ഇന്നിംഗ്‌സിനിടെ ആരാധകരിലൊരാള്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിരാട് കോഹ്‌ലിയുടെ അടുത്തേക്കെത്തുകയും അദ്ദേഹത്തെ തൊടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് പുറത്തു നിന്നുള്ള ഒരാള്‍ പിച്ചിന് സമീപത്തേക്കെത്തിയതെന്നോര്‍ക്കണം.
ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുകയും ആരാധകനെ തൂക്കിയെടുത്ത് കൊണ്ടുപേവുകയുമായിരുന്നു.
ഇതാദ്യമായല്ല ഇത്തരം സംഭവം ഉണ്ടാവുന്നത്. റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ മത്സരത്തിലും സമാനമായ സംഭവം നടന്നിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിനിടെയാണ് ബൗണ്ടറി ലൈനിന് സമീപം നില്‍ക്കുന്ന വിരാടിനരികത്തേക്ക് ആരാധകന്‍ ഓടിയെത്തിയത്.
എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് അയാള്‍ അവിടെ തന്നെ നില്‍ക്കുകയും ഉദ്യോഗസ്ഥര്‍ അയാളെ പുറത്താക്കുകയുമായിരുന്നു.
അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളില്‍ സംഭവിച്ച സമാനമായ സുരക്ഷാ വീഴ്ച ഗൗരവതരം തന്നെയാണ്. ഒരിക്കല്‍ സംഭവിച്ചാല്‍ അതിനെ അബദ്ധമെന്നോ, ശ്രദ്ധക്കുറവെന്നോ വിളിക്കാന്‍ സാധിക്കുമെങ്കിലും തുടര്‍ച്ചയായി ഇത് സംഭവിക്കുന്നത് വലിയ കുറ്റം തന്നെയാണ്.
താരങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണിത്. സുരക്ഷാ സംവിധാനങ്ങളുടെ മോശം പ്രവര്‍ത്തനം രാജ്യാന്തര മാധ്യമങ്ങളടക്കം ചര്‍ച്ചയാക്കിയിട്ടുമുണ്ട്.
മറ്റ് സീസണുകളെ അപേക്ഷിച്ച് ഐ.പി.എല്‍ 2022 നിലവാരം പുലര്‍ത്തിയിട്ടില്ല എന്നാണ് പലരുടേയും വിമര്‍ശനം. മോശം അംപയറിംഗും അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മയും, മത്സരത്തിനിടയിലെ പല മോശം സംഭവങ്ങളും ഐ.പി.എല്ലിന്റെ നിലവാരത്തെ തന്നെ ബാധിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന സീസണില്‍ ഇത്തരം പോരായ്മകളെല്ലാം തന്നെ പരിഹരിക്കാനായിട്ടില്ലെങ്കില്‍ ഐ.പി.എല്ലിന്റെ നിലവാരം വീണ്ടും ഇടിയുമെന്നുറപ്പാണ്. കഴിഞ്ഞ സീസണുകളെ പോലെ എല്ലാം മര്യാദയ്ക്ക് തന്നെ നടന്നുപോവണമെങ്കില്‍ അധികൃതര്‍ നിലവാരത്തകര്‍ച്ചയ്ക്ക് തടയിട്ടേ മതിയാവൂ.
Content Highlight: The declining quality of the IPL is being discussed