| Thursday, 23rd March 2017, 12:14 pm

മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് വിവരാവകാശ രേഖ; ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ ടി.പി കേസിലെയുള്‍പ്പെടെ വിവാദ കേസുകളിലെ പ്രതികള്‍ക്ക്; നിഷാമിന് കാപ്പ ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റേയും വാദങ്ങള്‍ പൊളിച്ച് ജയില്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ. കേരളപ്പിറവിയോടനുബന്ധിച്ച് ജയിലില്‍ നിന്ന് മോചിപ്പിക്കാനും ശിക്ഷായിളവ് നല്‍കാനും തീരുമാനിച്ചവരുടെ പട്ടികയില്‍ വിവാദമായ കേസുകളിലെ പ്രതികളും ഉള്‍പ്പെടുന്നുവെന്ന് ജയില്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. നിയമസഭയിലുള്‍പ്പെടെ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചതാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സുനില്‍ കുമാര്‍ (കൊടിസുനി), കെ.സി രാമചന്ദ്രന്‍, സിജിത്ത്, കുഞ്ഞനന്ദന്‍, കിര്‍മ്മാണി മനോജ്, റഫീക്ക്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട 11 പ്രതികള്‍. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാര്‍ കയറ്റി കൊന്ന മുഹമ്മദ് നിഷാമും പട്ടികയിലുണ്ട്. ഇയാളുടെ മേല്‍ ചുമത്തിയ കാപ്പ ഒഴിവാക്കി നല്‍കിയെന്നും ജയില്‍ ഡി.ജി.പിയുടെ ഓഫീസില്‍ നിന്നും ലഭിച്ച രേഖ പറയുന്നു.

ഇവരെ കൂടാതെ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, കല്ലുവാതുക്കല്‍ കേസിലെ പ്രതി മണിച്ചന്‍, ഗൂണ്ടാനേതാവ് ഓം പ്രകാശ് എന്നിവരും ശിക്ഷായിളവിനായി ശുപാര്‍ശ ചെയ്യപ്പെട്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. ജയില്‍ വകുപ്പ് ശുപാര്‍ശ ചെയ്ത പട്ടികയുടെ വിവരങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത് തന്നെയാണോ മന്ത്രിസഭ അംഗീകരിച്ചിരിക്കുന്ന പട്ടിക എന്ന കാര്യം വ്യക്തമല്ല.

ജയില്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ

നേരത്തേ ശിക്ഷായിളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 1850 പേരുടെ പട്ടിക ഗവര്‍ണ്ണര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മുന്‍ സുപ്രീം കോടതി ജഡ്ജി കൂടിയായ ഗവര്‍ണര്‍ റിട്ടയേഡ് ജസ്റ്റിസ് പി. സദാശിവം ഇത് അനുവദിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അന്ന് ഇക്കാര്യങ്ങള്‍ സര്‍ക്കാറും മുഖ്യമന്ത്രിയും നിഷേധിച്ചിരുന്നു. മുന്‍സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ പട്ടികയാണ് ഗവര്‍ണര്‍ക്ക് നല്‍കിയത് എന്നായിരുന്നു അന്ന് ഭരണപക്ഷം പറഞ്ഞിരുന്നത്. നിയമസഭയില്‍ ഈ വിഷയത്തിന്‍മേല്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ പട്ടിക പുറത്ത് വിടാനാകില്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

ടി.പി കേസ് പോലെ വിവാദമായ കേസിലെ പ്രതികളെ ജീവപര്യന്തം ശിക്ഷയുടെ കാലയളവായ 14 വര്‍ഷം കഴിയാതെ എങ്ങനെ പുറത്ത് വിടാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more