തിരുവനന്തപുരം: സി.പി.ഐ. സ്ഥാനാര്‍ത്ഥി നിര്‍ണയവിവാദത്തില്‍ പുതിയ വഴിത്തിരിവുകളുമായി മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയുടെ വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബന്നറ്റ് എബ്രഹാമിന്റെ പേര് നിര്‍ദ്ദേശിച്ചത് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണെന്നും അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും ശശി ആരോപിച്ചു.
ജില്ലാ ഘടകത്തിന്റെ പട്ടികയില്‍ ബെനറ്റ് എബ്രഹാമിന്റെ പേര് നിര്‍ദ്ദേശിച്ചത് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണെന്നാണ് ശശി വ്യക്തമാക്കിയിരിക്കുന്നത്. ശശിയുടെ ആരോപണം സി.പി.ഐ-യെ കടുത്ത പ്രതിസന്ധിയിലേയ്ക്കായിരിക്കും എത്തിക്കുക.
[]അതേസമയം ഒരു വിഭാഗത്തിന് കീഴ്‌പ്പെട്ടാണ് നേതൃത്വം തനിക്കെതിരായി നടപടിയെടുത്തതെന്ന് പാര്‍ട്ടി അച്ചടക്കനടപടിക്ക് വിധേയനായ പി.രാമചന്ദ്രന്‍ പറഞ്ഞു.
ഇതോടെ അച്ചടക്കനപടി പാര്‍ട്ടിയെ പുതിയ പ്രശ്‌നങ്ങളിലേയ്ക്കാണ് നയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ആര്‍ജ്ജവം വിളിച്ചോതുന്നതാണ് ഇപ്പോഴത്തെ നടപടികളെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്. അതേസമയം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതകളാണ് അച്ചടക്ക നടപടിയിലൂടെ പുറത്തായിരിക്കുന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിയെന്നതും പാര്‍ട്ടിയെ കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും നിയമസഭാ കക്ഷി നേതാവുമായ സി.ദിവാകരനെതിരെ എടുത്ത നടപടിയില്‍ കേന്ദ്ര നേതൃത്വം തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു എന്ന കുറ്റം ചുമത്തിയാണ് സി.ദിവാകരന്‍, പി.രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ സി.പി.ഐ നടപടിയെടുത്തത്. ഒരു വിഭാഗം സി.പി.ഐ.എം നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് സി.ദിവാകരനും പി.രാമചന്ദ്രന്‍ നായരും അടക്കമുള്ളവര്‍ വഴങ്ങിക്കൊണ്ടാണ് ഇത്തരമൊരു ചരടുവലി നടത്തിയതെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.