| Saturday, 20th May 2023, 3:37 pm

2000 രൂപയുടെ നോട്ട് നിരോധിക്കാനുള്ള തീരുമാനം ആര്‍.ബി.ഐയുടേത്: വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തരപുരം: 2000 രൂപ നോട്ട് നിരോധനത്തിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. 2000 രൂപയുടെ നോട്ട് നിരോധിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണെന്നും ആര്‍.ബി.ഐ ഒരു സ്വതന്ത്ര സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനമെന്നത് ഒരു സ്വാഭാവിക നടപടിയാണെന്നും കാര്യങ്ങള്‍ ആര്‍.ബി.ഐ തന്നെ വിശദീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യന്‍ കറന്‍സിക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്കും സ്ഥിരതയില്ലെന്നതാണ് രണ്ടായിരം നോട്ട് നിരോധിക്കാനുള്ള തീരുമാനത്തിലൂടെ വെളിവാക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പൗരന്മാര്‍ക്ക് വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കറന്‍സികളുടെയും വിവിധ സംവിധാനങ്ങളുടെയും വിശ്വാസ്യത വളരെ പ്രധാനമാണ്. അതാണ് ഇത്തരം തീരുമാനങ്ങളിലൂടെ ഇല്ലാതാകുന്നത്. പെട്ടെന്നൊരു തോന്നല്‍ ഉണ്ടായി ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുകയല്ല വേണ്ടത്. ആവശ്യമായ ചര്‍ച്ചകളും പഠനങ്ങളും നടത്തണം. ഇപ്പോള്‍ രണ്ടായിരത്തിന്റെ നോട്ട് നിരോധിച്ച നടപടി ജനങ്ങളെ ആശങ്കയില്‍ ആഴ്ത്തുന്നതാണ്,’ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍.ബി.ഐ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി അറിയിച്ചത്.

‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ച് 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് പിന്‍വലിക്കുന്നു. 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും. ഇടപാടുകള്‍ തീര്‍ക്കുന്നതിന് പൊതു സമൂഹത്തിന് ആവശ്യത്തിനുള്ള സമയം നല്‍കും. എല്ലാ ബാങ്കുകളും സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ ഇടപാട് നടത്താന്‍ അനുവദിക്കണം,’പ്രസ്താവനയില്‍ പറയുന്നു.

2016 നവംബറില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമായിരുന്നു 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതോടെ 2,000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതായി ആര്‍.ബി.ഐ പറയുന്നു. 2018-2019ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി സെന്‍ട്രല്‍ ബാങ്ക് നിര്‍ത്തിയിരുന്നു.

Contenthighlight: The decision to ban Rs 2000 notes belongs to RBI: V Muraleedharan

We use cookies to give you the best possible experience. Learn more