കോഴിക്കോട്: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നുള്ള തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ട എന്നത് തന്റെ തീരുമാനമാണെന്ന പേരില്‍ തന്നെ പലരും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി തങ്ങള്‍ പറഞ്ഞു.
ചിലര്‍ ആശയകുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. താന്‍ ജൂദാസാണെന്ന് പറഞ്ഞു. ഇതിന് മുമ്പ് ശംസുല്‍ ഉലമയേയും ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ അണ്ടനെന്നും അടകോടനെന്നു വരെ പലരും വിളിച്ചിരുന്നു.
പ്രതിഷേധം സംഘടിപ്പിക്കില്ല എന്നു പറഞ്ഞതിന് പിന്നാലെ തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ പറഞ്ഞതാണ് ശരിയെന്ന് എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജമഅത്തുകാരും മുജാഹിദുമെല്ലാം വഖഫ് വിഷയം പള്ളിയില്‍ പറയെമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അങ്ങനൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് സമസ്ത പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് കോഴിക്കോട് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയ്ക്കിടെ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
ഇതിനിടെ റാലിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് മുസ്‌ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 10,000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.
എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.
ഇതിന് ശേഷം പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സമസ്ത, വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: The decision not to protest in mosque was made in consultation with all