അനധികൃതമെന്ന് ആരോപിച്ച് പള്ളിയും മദ്രസയും പൊളിച്ചു; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസ്
national news
അനധികൃതമെന്ന് ആരോപിച്ച് പള്ളിയും മദ്രസയും പൊളിച്ചു; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 8:15 am

ഡെറാഡൂണ്‍: നിയമവിരുദ്ധമായി ഹല്‍ദ്വാനിയിലെ പള്ളിയും മദ്രസയും പൊളിച്ചതിനെ തുടര്‍ന്നുണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. നിലവില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

സംഘര്‍ഷത്തില്‍ വെടിയേറ്റ 50കാരനായ മുഹമ്മദ് ഇസ്രാര്‍ സുശീല തിവാരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടുവെന്നും നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പ്രഹ്‌ലാദ് നാരായണ്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും മീണ കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഏറ്റുമുട്ടലില്‍ ആര്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായും മാധ്യമപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം വെടിയേറ്റ ആളെ സമീപ പ്രദേശത്ത് നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിക്ക് ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്ന് പൊലീസ് നിഷേധിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ഔദ്യോഗികമായി പൊലീസ് ഈക്കാര്യം സമ്മതിക്കുന്നത്.

സംഘര്‍ഷം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് ആരോപിച്ച് പൊലീസ് നിലവില്‍ ആറ് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 36 ആയി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഹല്‍ദ്വാനിയില്‍ അനധികൃതമെന്ന് ആരോപിച്ച് പള്ളിയും മദ്രസയും പൊളിച്ചുനീക്കിയ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കഴിഞ്ഞ ദിവസം പറഞ്ഞു.

പൊളിച്ചുനീക്കലിന്റെ ഭാഗമായി ബന്‍ഭൂല്‍പുരയിലെ ‘മാലിക് കാ ബഗീച്ച’ പ്രദേശത്തെ കയ്യേറ്റങ്ങളില്‍ നിന്ന് ഏക്കര്‍ കണക്കിന് ഭൂമി തിരിച്ചുപിടിച്ചുവെന്ന് ധാമി അവകാശപ്പെട്ടു.

ഇത് വര്‍ഗീയകലാപമല്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിങ് പറഞ്ഞത്. ഇത് സാമൂഹിക വിരുദ്ധര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകോപനകരമായ പ്രവൃത്തിയാണെന്നും വന്ദന പറഞ്ഞു.

Content Highlight: The death toll in the clash in Haldwani has risen to six