അഹമ്മദബാദ്: ഗുജറാത്തില്‍ നദിക്ക് കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്. മോര്‍ബിയിലെ മച്ഛു നദിക്ക് കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം.
അപകട സമയത്ത് 500ഓളം പേര്‍ പാലത്തിലുണ്ടായിരുന്നുവെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ഏറെ പഴക്കമുള്ള പാലമാണ് അപകടത്തില്‍ തകര്‍ന്നത്. അഞ്ച് ദിവസം മുന്‍പ് അറ്റകുറ്റപണികള്‍ കഴിഞ്ഞ് ജനങ്ങള്‍ക്കായി പാലം തുറന്നുകൊടുത്തിരുന്നു. ഇതിനുശേഷം വലിയ തോതില്‍ സന്ദര്‍ശകര്‍ ഇങ്ങോട്ട് ഒഴുകിയെത്തിയതാണ് അപകടത്തിന്റെ കാരണം. പാലം തകര്‍ന്ന് നൂറുകണക്കിനുപേര്‍ പുഴയില്‍ വീണിരുന്നു.
അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സും ആംബുലന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ നിരവധിയാണ്.
അതേസമയം, അപകടത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി മോര്‍ബിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേലിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഗുജറാത്തിലുണ്ട്.
CONTENT HIGHLIGHT: The death toll has crossed 60 as a suspension bridge across the river collapsed in Gujarat