മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് അപകടം; മരണം പതിനാലായി, 74 പേര്‍ക്ക് ഗുരുതര പരിക്ക്, കേസെടുത്ത് പൊലീസ്
natioanl news
മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് അപകടം; മരണം പതിനാലായി, 74 പേര്‍ക്ക് ഗുരുതര പരിക്ക്, കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 9:31 am

മുംബൈ: മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകര്‍ന്ന് വീണ പരസ്യ ബോര്‍ഡിനുള്ളില്‍ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. കണക്കുകള്‍ പ്രകാരം 14 പേരാണ് ഇതുവരെ മരണപ്പെട്ടത്. അപകടത്തില്‍ 74 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുകിടന്ന എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ ഗൗരവ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ ഞങ്ങള്‍ കണ്ടെത്തി. പക്ഷേ എല്ലാ മൃതദേഹങ്ങളും നീക്കം ചെയ്യാന്‍ കഴിയുന്നില്ല, സാഹചര്യം അപകടകരമാണ്,’ ഗൗരവ് ചൗഹാന്‍ ചൂണ്ടിക്കാട്ടി.

നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപത്തായി സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡാണ് തകര്‍ന്ന് വീണത്. പെട്രോള്‍ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്ക് പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ബില്‍ബോര്‍ഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോട് കൂടിയല്ല എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ അനധികൃതമായാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചതെന്ന് ബി.എം.സി (ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ചൂണ്ടിക്കാട്ടി. ഐ.പി.സി 304, 338, 337, 34 എന്നീ വകുപ്പുകള്‍ പ്രകാരം ഉടമ ഭവേഷ് ഭിഡെയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.

അതേസമയം അപകടത്തില്‍ പെട്ട ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിലാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചിരുന്നു. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഷിന്‍ഡെ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മുംബൈയിലെ എല്ലാ പരസ്യ ബോര്‍ഡുകളും പരിശോധിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശക്തമായ കാറ്റിലും മഴയിലും മുംബൈയില്‍ ഗതാഗതം തടസപ്പെട്ടു. ലോക്കല്‍ ട്രെയിന്‍ സര്‍വീസ്, മെട്രോ ട്രെയിന്‍, വിമാനത്താവളം എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്.

Content Highlight: The death toll after falling into a billboard collapsed in Mumbai due to heavy rains and dust storms is rising