തൂക്കിലേറ്റിയുള്ള വധശിക്ഷ അന്തസ്സിനെ കളങ്കപ്പെടുത്തുന്നത്; ബദല്‍ മാര്‍ഗങ്ങളാലോചിക്കാന്‍ സമിതി രൂപീകരിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍
Supreme Court
തൂക്കിലേറ്റിയുള്ള വധശിക്ഷ അന്തസ്സിനെ കളങ്കപ്പെടുത്തുന്നത്; ബദല്‍ മാര്‍ഗങ്ങളാലോചിക്കാന്‍ സമിതി രൂപീകരിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2023, 9:02 pm

ന്യൂദല്‍ഹി: വധശിക്ഷ നടപ്പിലാക്കാന്‍ തൂക്കിലേറ്റുന്നതിന് പകരം ബദല്‍ മാര്‍ഗങ്ങളാലോചിക്കാന്‍ സമിതി രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സപ്രീംകോടതിയില്‍. വധശിക്ഷ നടപ്പിലാക്കാന്‍ കൂടുതല്‍ മാന്യമായ മാര്‍ഗങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷകനായ ഋഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പുതിയ സാഹചര്യത്തില്‍ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി

നേരത്തെ ഹരജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന്, മെയ് 2ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബദല്‍മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കാനായി സമിതി രൂപീകരിക്കുന്നത് പരിഗണനിയിലാണെന്ന് അറിയിച്ചിട്ടുള്ളത്.

അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി

തൂക്കിലേറ്റുമ്പോള്‍ സംഭവിക്കുന്ന ആഘാതം, വേദന എന്നിവ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനമോ, വിവര ശേഖരണമോ നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുമ്പാകെ ഈ വര്‍ഷം മാര്‍ച്ച് 21ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ താന്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാനിരിക്കുന്നത് എന്നാണ് ഇന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചിട്ടുള്ളത്.

മാര്‍ച്ച് 21ന് ഈ കേസ് പരിഗണനക്കെടുക്കുന്ന സമയത്ത് തൂക്കിലേറ്റല്‍ തന്നെയാണോ മാന്യമായ മര്‍ഗമെന്ന് കോടതി ചോദിച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ തൂക്കിലേറ്റലല്ല അനുയോജ്യവും മാന്യവുമായ മാര്‍ഗമെങ്കില്‍ ബദല്‍മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും, ഇതു സംബന്ധിച്ച പഠനം നടത്താന്‍ കോടതി മേല്‍നോട്ടത്തില്‍ ഒരു സമിതിയ രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് അറ്റോര്‍ണി ജനറല്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു സമിതി രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് അറിയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ കൂടി നിലപാട് അറിയിച്ചതോടെയാണ് കേസ് പരിഗണിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയിരിക്കുന്നത്.

2017ലാണ് അഭിഭാഷകനായ ഋഷി മല്‍ഹോത്ര വധി ശിക്ഷ നടപ്പിലാക്കാനായി തൂക്കിലേറ്റുന്നതിന് പകരമുള്ള ബദല്‍മാര്‍ഗങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. വധിശിക്ഷ നടപ്പിലാക്കുമ്പോള്‍ കൂടുതല്‍ മാന്യമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നായിരുന്നു ഹരജിയുടെ ഉള്ളടക്കം. തുക്കിലേറ്റുന്നത് മനുഷ്യന്റെ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നതെന്നും അന്തസ്സുള്ള മരണം അവകാശമാണെന്നും ഹരജിയില്‍ പറയുന്നു.

തൂക്കിലേറ്റുന്നതിന് പകരമുള്ള ചില മാര്‍ഗങ്ങളും ഹരജിക്കാരനായ ഋഷി മല്‍ഹോത്ര മുന്നോട്ട് വെച്ചിരുന്നു. ശാസ്ത്രം ഇത്രയേറെ വളര്‍ന്ന ഇക്കാലത്ത് വേദനാജനകവും മനുഷ്യത രഹിതവുമായ തൂക്കിലേറ്റല്‍ ഒഴിവാക്കണമെന്നും, പകരം വിഷം കുത്തിവെച്ചോ, വൈദ്യുതി കസേരയില്‍ ഇരുത്തിയോ, വെടിയുതിര്‍ത്തോ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ഹരജിക്കാരന്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം.

content highlights: The death penalty by hanging is a disgrace; The central government is considering forming a committee to think about alternative ways