അഹമ്മദാബാദ്: അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം നേതാക്കളും ബി.ജെ.പി നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതിനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി.
ബുധനാഴ്ച വൈകുന്നേരമാണ് അഹമ്മദാബാദ് മേയര്‍ കിരിത് പര്‍മറും ബി.ജെ.പി സംസ്ഥാന സഹ ട്രഷററുമായ ധര്‍മേന്ദ്ര ഷായും മറ്റ് നേതാക്കളും എ.ഐ.എം.ഐ.എം സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് സാബിര്‍ കബ്ലിവാലയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരു പാര്‍ട്ടികളും തമ്മിലുള്ള ‘ഡീല്‍’ സംബന്ധിച്ച വിശദാംശങ്ങളാണ് കൂടിക്കാഴ്ചയില്‍ വെളിച്ചത്തുവരുന്നതെന്നാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്.
കോണ്‍ഗ്രസും വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മും ആം ആദ്മി പാര്‍ട്ടിയും ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ ആരോപിച്ചു. ബി.ജെ.പിയുടെ സഹായത്തില്‍ എ.ഐ.എം.ഐ.എ വോട്ട് വിഭജിക്കാനാണ് ലക്ഷ്യവെക്കുന്നതെന്ന് അലോക് ശര്‍മ പറഞ്ഞു.
എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മതപരമായും വര്‍ഗീയമായും വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടച്ചിട്ട മുറിയിലാണ് ഇരുപാര്‍ട്ടികളും കൂടിക്കാഴ്ച നടത്തിയത്. പ്രാഥമിക ചികിത്സ(സി.ഇ.പി.ടി) പദ്ധതിയെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ വിശദീകരണം.
എ.ഐ.എം.ഐ.എം ഓഫീസിലല്ല ഡാനിലിംഡ ട്രീറ്റ്മെന്റ് പ്ലാന്റിലാണ് യോഗം നടന്നത്. 166 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി എങ്ങനെ വേഗത്തില്‍ പൂര്‍ത്തീകരിക്കാമെന്ന് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നും ബി.ജെ.പി പറഞ്ഞു.
ട്രീറ്റ്മെന്റ് പ്ലാന്റിനെക്കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ് കബ്ലിവാലയും അവകാശപ്പെട്ടു.
CONTENT HIGHLIGHT: The deal came to light Aam Aadmi in AIM-BJP meeting