സംഘര്‍ഷത്തിന് കാരണമായത് ഒരു ടെന്റ്; ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
India-China
സംഘര്‍ഷത്തിന് കാരണമായത് ഒരു ടെന്റ്; ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2020, 3:27 pm

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ചൈനീസ് സൈന്യം സ്ഥാപിച്ച ഒരു ടെന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിക്കാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ജൂണ്‍ 15 തിങ്കളാഴ്ച ഗല്‍വാന്‍ നദീ താഴ്‌വരയില്‍ ചൈനീസ് സൈന്യം കെട്ടിയ ടെന്റ് പൊളിക്കാനായി പോയതായിരുന്നു ഇന്ത്യന്‍ സേനാഗംങ്ങള്‍.
ജൂണ്‍ ആറിന് ഇരു സേനയിലെയും ലഫ്റ്റനന്റ് ജനറല്‍ ഓഫീസര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ടെന്റ് പൊളിക്കാന്‍ ധാരണയായിരുന്നു.

ഇന്ത്യന്‍ സേനയിലെ കേണല്‍ ബി.എല്‍ സന്തോഷ് ബാബുവിനെ ചൈനീസ് സേന ആക്രമിച്ചതിനു പിന്നാലെയാണ് ഇരു വിഭാഗവും തമ്മില്‍ ശാരീരികാക്രമണങ്ങളിലേക്ക് തിരിഞ്ഞത്. ബാറ്റണുകളും ഇരുമ്പുവടികളും കൊണ്ട് ഇരു വിഭാഗവും തമ്മില്‍ ആക്രമിക്കുകയായിരുന്നു.

തര്‍ക്കത്തിനിടെ ഇരു വിഭാഗത്തിലെയും സേനകള്‍ ഗല്‍വാന്‍ നദിയില്‍ വീഴുകയായിരുന്നു. കനത്ത തണുപ്പ് സ്ഥിതിഗതികള്‍ വഷളാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ സംഘര്‍ഷം ആറ് മണിക്കൂറോളമാണ് തുടര്‍ന്നത്.

20 സൈനികര്‍ മരണപ്പെട്ടാനാണ് ഇന്ത്യന്‍ സേന അറിയിച്ചിരിക്കുന്നത്. മൂന്ന് പേരുടെ നിലഗുരുതരമാണ്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് കമാന്‍ഡറും കൊല്ലപ്പെട്ടതായും എ.എന്‍.ഐ റിപ്പോര്‍ട്ടിലുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ