കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി; യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍
Kerala News
കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി; യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th August 2020, 3:52 pm

കോട്ടയം: കോട്ടയത്ത് പാലമുറിയില്‍ കാറിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്‍ ജോയിയാണ് മരിച്ചത്.

മീനച്ചിലാറിന്റെ കൈവഴിയില്‍ നിന്നുണ്ടായ കുത്തൊഴുക്കിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കോട്ടയത്തിനടുത്തുള്ള മണര്‍കാട് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.

ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ അടുത്തുള്ള അടുത്തുള്ള പാടത്ത് നിന്നാണ് കണ്ടെത്തിയത്. ജസ്റ്റിന്റെ മൃതദേഹവും കാറില്‍ നിന്ന് തന്നെ കണ്ടെത്തി.

വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായിരുന്നു മരിച്ച ജസ്റ്റിന്‍. രാത്രി യാത്രക്കാരെ ഇറക്കി വരുന്ന വഴിയാണ് അപകടമുണ്ടായത്.

കാര്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിന്‍ സമീപവാസികളുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ക്രെയിന്‍ എത്തിച്ച് കാര്‍പുറത്തെടുക്കാനുള്ള ശ്രമവും തുടങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് കാറിനുള്ളില്‍ കയറി ഹാന്‍ഡ് ബ്രേക് റിലീസ് ചെയ്യുമ്പോഴാണ് കാര്‍ ഒഴുക്കില്‍പ്പെട്ടതെന്ന് സമീപ വാസികള്‍ പറഞ്ഞു.

മീനച്ചിലാര്‍ കര കവിഞ്ഞൊഴുകിയതോടെ കോട്ടയത്ത് നഗരപ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളും തുടങ്ങിയിട്ടുണ്ട്.

ജില്ലയിലെ അയ്മനം, മണര്‍കാട്, അര്‍കുന്നം പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പുളിഞ്ചുവട്, ഗൂര്‍ഖ്ണ്ഡസാരി, മഹാത്മാ കോളനി ഭാഗം, പേരൂര്‍, പുന്നത്തുറ, മാടപ്പാട്, മേഖലയിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight:  Missing car found in Kottayam; Where the young man was found dead inside the car