Advertisement
Covid 19 India
60 ഓളം പേര്‍ക്ക് എങ്ങനെ രോഗം വന്നതെന്നറിയില്ല; ദല്‍ഹിയില്‍ ഓമിക്രോണ്‍ സമൂഹവ്യാപനം സംഭവിച്ചിരിക്കാമെന്ന് ഡി.ഡി.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 30, 04:59 am
Thursday, 30th December 2021, 10:29 am

ന്യൂദല്‍ഹി: രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കൊവിഡ് വ്യാപനം. ദല്‍ഹിയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി സമ്മതിച്ചു.

നിലവില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ 60 ഓളം കേസുകളുടെ സമ്പര്‍ക്കപട്ടികയോ യാത്രവിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

60 ഓളം കേസുകളില്‍ അന്താരാഷ്ട്ര യാത്രയോ ഒരു അന്താരാഷ്ട്ര യാത്രക്കാരനുമായി സമ്പര്‍ക്കമോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ദല്‍ഹി ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബുധനാഴ്ച 73 പുതിയ ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയതോടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയെ ദല്‍ഹി വീണ്ടും മറികടന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ദല്‍ഹിയിലെ മൊത്തം ഒമിക്രോണ്‍ കേസുകളുടെ എണ്ണം 238 ആണ്.

ദല്‍ഹിയിലെ കൊവിഡ് സാമ്പിളുകള്‍ക്കായി ജീനോമിക് സീക്വന്‍സിങ് നടത്തുന്ന മൂന്ന് ലാബുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ദല്‍ഹിയിലെ ഡെല്‍റ്റ വകഭേദത്തെ ഒമിക്രോണ്‍ വകഭേദം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഓമിക്രോണ്‍ വകഭേദം ബാധിച്ച രോഗികളില്‍ ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ഒമിക്രോണ്‍ വകഭേദം വളരെ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെന്നും എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരില്‍ പോലും അണുബാധ സംഭവിക്കുന്നുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലെ വൈറോളജി പ്രൊഫസര്‍ ഡോ.ഏക്ത ഗുപ്ത പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒമിക്രോണ്‍ കേസുകളുടെ ഭൂരിഭാഗവും ദല്‍ഹിയിലാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, കൊവിഡും ഒമിക്രോണും രൂക്ഷമായതോടെ ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വന്നത്. ഞായറാഴ്ച 290 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. കൊവിഡ് കേസുകളില്‍ 16 ശതമാനത്തിന്റെ വര്‍ധനവും 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ദല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നു. ഇതിന് പിന്നാലെ തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് യു.പിയില്‍ ശനിയാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

മധ്യപ്രദേശിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാത്രി 11 മണി മുതല്‍ 5 മണിവരെ മധ്യപ്രദേശില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

The DDMA has said that the Omicron community spread to may have in Delhi