ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ആറ് കളിയില്‍ നിന്നും നാല് ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍.സി.ബി.
ആര്‍.സി.ബിയുടെ വിജയങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന താരമാണ് ഡി.കെ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ദിനേഷ് കാര്‍ത്തിക്. താരത്തിന്റെ പോരാട്ട മികവാണ് ബെംഗളൂരുവിന്റെ പ്രകടനത്തിലും ടീം ടോട്ടലിലും നിര്‍ണായകമാവുന്നത്.
കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും താരം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. 34 പന്തില്‍ നിന്നും 66 റണ്‍സടിച്ച കാര്‍ത്തിക് വിക്കറ്റിന് പിന്നിലും തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.
ടീമിലെത്തിച്ച ദിവസം തന്നെ തന്റെ റോള്‍ എന്തായിരിക്കുമെന്ന് ടീമിന്റെ പ്രധാന പരിശീലകനായ സഞ്ജയ് ഭാംഗര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുകയാണ് കാര്‍ത്തിക്. മത്സരശേഷം വിരാട് കോഹ്‌ലിയോട് സംസാരിക്കവെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ടീമിലേക്ക് ഞാനെത്തിയ ദിവസം തന്നെ സഞ്ജയ് ഭായ് എന്നോട് പറഞ്ഞത് ഫിനിഷറുടെ റോളിലായിരിക്കും ഞാന്‍ കളിക്കേണ്ടത് എന്നാണ്.
എ ബി ഡിവില്ലിയേഴ്‌സിനെ നമുക്ക് നഷ്ടപ്പെട്ടന്നും ഡിവില്ലിയേഴ്‌സിന്റെ പകുതി മാത്രം പ്രതിഭയുള്ള ഒരാളെ അദ്ദേഹത്തിന്റെ റോളിലേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു,’ കാര്‍ത്തിക് പറയുന്നു.
ഫിനിഷറുടെ റോളിലേക്ക് രണ്ടുമൂന്നുപേരെ ടീം കണ്ടുവെച്ചിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രകടനം പുറത്തെടുക്കുന്ന കാര്‍ത്തിക് ലക്ഷ്യം വെക്കുന്നത് ഇന്ത്യന്‍ ജേഴ്‌സി തന്നെയാണ്. ഐ.പി.എല്ലിലെ മികച്ച പ്രകടനം തന്നെ ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിക്കുമെന്നാണ് കാര്‍ത്തിക്കും ആരാധകരും ഒരുപോലെ ഉറച്ചു വിശ്വസിക്കുന്നത്.
2019ന് ശേഷം കാര്‍ത്തിക്കിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും താരത്തിന്റെ ടി-20 സ്റ്റാറ്റ്‌സ് പ്രതീക്ഷയുണര്‍ത്തുന്നതാണ്.
32 മത്സരത്തില്‍ നിന്നും 143.52 സ്‌ട്രൈക്ക് റേറ്റില്‍ 399 റണ്‍സാണ് താരം ഇന്ത്യയ്ക്കായി നേടിയത്.
Content highlight: The day I got picked,RCB coach told me ‘DK you’ll be playing the finisher’s role’ – Dinesh Karthik