| Sunday, 22nd July 2012, 8:09 am

'ബാറ്റ്മാന്‍' പ്രദര്‍ശനത്തിനെയുണ്ടായ വെടിവെപ്പ് ആസൂത്രിതമെന്ന് പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെന്‍വര്‍: ബാറ്റ്മാന്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെയുണ്ടായ വെടിവെപ്പ് ആസൂത്രിതമെന്ന് പോലീസ്. കൃത്യമായ കണക്കുകൂട്ടലോടെയും ഉദ്ദേശത്തോടെയുമാണ് വെടിവെപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു. []

വെടിവെപ്പ് നടത്തിയ ജെയിംസ് ഹോസ് എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ പോലീസ് ഇയാളുടെ വീടും പരിസരവും പരിശോധിച്ചിരുന്നു. വീടിനുള്ളില്‍ നിന്നും പോലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ജാറുകളില്‍ നിറച്ചുവച്ച ദ്രാവകങ്ങളും, സ്‌ഫോടകവസ്തുക്കളും, രാസവസ്തുക്കളും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട്ടിനുള്ളിലേക്ക് കടക്കുന്നവരെ കൊല്ലാനായി കരുതിവെച്ചതാണിതെന്നാണ് പോലീസ് പറയുന്നത്.

ഇയാളുടെ വീട്ടില്‍ നിന്നും എല്ലാ മാരക വസ്തുക്കളും നീക്കം ചെയ്തിട്ടുണ്ടെന്നും സമീപവാസികള്‍ക്ക് അവരുടെ വീട്ടിലേക്ക് തിരികെ പോകാമെന്നും പോലീസ് അറിയിച്ചു.

ഹോസിന്റെ വീട്ടില്‍ പോലീസ് ഇപ്പോഴും പരിശോധന നടത്തുന്നുണ്ട്. പുറമേ നിന്നുള്ളവര്‍ വീട്ടിന്റെ ഉള്‍ഭാഗം കാണുന്നത് തടയാനായി ജനലുകളെല്ലാം കറുത്ത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു.

അതേസമയം, വെടിവെപ്പ് നടത്താനുണ്ടായ കാരണം സംബന്ധിച്ച് പോലീസ് ഇതുവരെ യാതൊരു വിവരം നല്‍കിയിട്ടില്ല.

ബാറ്റ്മാന്‍ സീരീസിലെ ദി ഡാര്‍ക് നൈറ്റ് റൈസര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശന വേളയിലുണ്ടായ വെടിവെപ്പില്‍ 12 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more