#HappyBirthdayKunchackoBoban: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസില്‍ പുതിയ ഒരു ചിത്രം പ്രഖ്യാപിച്ചു. ബാലതാരമായി മലയാളികളുടെ പ്രിയ താരമായ ശാലിനിയെ നായികയായും ഉദയാ സ്റ്റുഡിയോ സ്ഥാപകനായ കുഞ്ചാക്കോയുടെ കൊച്ചു മകന്‍ കുഞ്ചാക്കോ ബോബനെ നായകനായും പ്രഖ്യാപിച്ച അനിയത്തി പ്രാവ് എന്ന സിനിമയായിരുന്നു അത്.
പുതുമുഖങ്ങളെ വെച്ച് ഫാസില്‍ ഒരു ചിത്രം പ്രഖ്യാപിച്ചത് ഏറെ പ്രതീക്ഷകളോടെ തന്നെയാണ് മലയാളികള്‍ കണ്ടത്. കാരണം മോഹന്‍ലാലിനെയും ശങ്കറിനെയും മലയാള സിനിമയെ പരിചയപ്പെടുത്തിയതും ഇതേ ഫാസില്‍ തന്നെയായിരുന്നു.
പ്രതീക്ഷകള്‍ വെറുതെയായില്ല. അനിയത്തിപ്രാവ് സര്‍വ്വകാല ഹിറ്റായി, പുതിയ ഒരു നായകന്റെ ജനനമായിരുന്നു അത്…. ഇന്ന് ചാക്കോച്ചന്റെ 44ാം ജന്മദിനമാണ്,
ചാരത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന ഫിനിക്സ് പക്ഷിയെ പോലെയാണ് ചാക്കോച്ചന്‍റെ സിനിമ കരിയറും ജീവിതവും. അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തുടര്‍ന്ന് വന്ന സിനിമകളില്‍ ചിലത് വേണ്ടത്ര നേട്ടം കൈവരിച്ചില്ലെങ്കിലും ചാക്കോച്ചന്‍, ശാലിനി കൂട്ട് കെട്ടില്‍ കമല്‍ സംവിധാനം ചെയ്ത നിറം വീണ്ടും ബോക്‌സോഫീസില്‍ മാജിക് സൃഷ്ടിച്ചു.
90 കളിലെ യുവതയുടെ താരമായി ചാക്കോച്ചന്‍ മാറി. പെണ്‍കുട്ടികള്‍ തങ്ങളുടെ സ്വപ്‌ന പുരുഷനായി ചാക്കോച്ചനെ കണ്ടു. ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ ചാക്കോച്ചന്‍ തിളങ്ങി. ദിനം പ്രതി നൂറ് കണക്കിന് കത്തുകളാണ് ചാക്കോച്ചന് വീട്ടിലേക്ക് എത്തിയിരുന്നത്.
എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങള്‍ കാര്യമായ നേട്ടം ചാക്കോച്ചന് ഉണ്ടാക്കിയില്ല, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, കല്ല്യാണ രാമന്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു ഈ കാലഘട്ടത്തില്‍ ബോക്‌സോഫിസില്‍ വിജയ ചിത്രങ്ങളായത്.
ഇതിനിടെ 2004-ല്‍ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തു.
പതിയ ചാക്കോച്ചന്‍ സിനിമകളില്‍ നിന്ന് പിന്‍മാറി, ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇറങ്ങിയ ചാക്കോച്ചന്‍ 2005 ല്‍ വിവാഹിതനായി.
2006 ല്‍ കിലുക്കം കിലുകിലുക്കം എന്ന ചിത്രം മാത്രമാണ് ചാക്കോച്ചന്റെതായി ഇറങ്ങിയത്. 2007 ചലച്ചിത്രരംഗത്ത് നിന്ന് പൂര്‍ണ്ണമായി ചാക്കോച്ചന്‍ വിട്ടു നിന്നു.
2008-ല്‍ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചാക്കോച്ചന്‍ തിരികെയെത്തി. തുടര്‍ന്ന് 2010-ഓടെ ചാക്കോച്ചന്‍ സിനിമാ മേഖലയില്‍ വീണ്ടും സജീവമായി. തുടര്‍ന്നങ്ങോട്ട് ഉള്ള ഒരോ ചുവട് വെയ്പ്പും ശ്രദ്ധയോടെയായിരുന്നു. തിരിച്ചുവരവില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം ചാക്കോച്ചന് ഒരു ബ്രേക്ക് നല്‍കി.
സ്ഥിരം കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു എല്‍സമ്മയിലെ പാലുണ്ണി. തൊട്ടടുത്ത വര്‍ഷം അദ്ദേഹം ട്രാക്ക് മാറ്റി തുടങ്ങി. മലയാള സിനിമയില്‍ തന്നെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ട്രാഫിക്കില്‍ നിര്‍ണ്ണായക കഥാപാത്രമായി ചാക്കോച്ചന്‍ എത്തി. അതേ വര്‍ഷം തന്നെ സീനിയേഴ്‌സ്, ത്രീ കിംഗ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ എന്നീ ചിത്രങ്ങളും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.
2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി ചാക്കോച്ചന്റെ സിനിമ കരിയറില്‍ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തിയത്. ചാക്കോച്ചന്‍ – ബിജു മേനോന്‍ കോമ്പോ തന്നെ സൃഷ്ടിക്കപ്പെട്ട സിനിമയായി ഓര്‍ഡിനറി മാറി.
2013 ല്‍ ഇതേകൂട്ട് കെട്ടില്‍ ഇറങ്ങിയ റോമന്‍സും വലിയ വിജയമാണ് നേടിയത്. തുടര്‍ന്നങ്ങോട്ട് കരിയറിലെ തന്നെ മികച്ച വേഷങ്ങള്‍ ചാക്കോച്ചനെ തേടിയെത്തി. ലോ പോയിന്റ്, ഗോഡ് ഫോര്‍ സെയില്‍, ചിറകൊടിഞ്ഞ കിനാവുകള്‍, വിശുദ്ധന്‍, ഹൗ ഓള്‍ഡ് ആര്‍ യു, വലിയ ചിറകുള്ള പക്ഷികള്‍, വേട്ട, സ്‌ക്കൂള്‍ ബസ്, ടേക്ക് ഓഫ്, രാമന്റെ ഏദന്‍ തോട്ടം ….
എന്നിങ്ങനെ ഇമേജ് ഭയം ഇല്ലാതെ അഭിനയ പ്രാധാന്യമുള്ള മികച്ച കഥാപാത്രങ്ങളെ ഈ സിനിമകളിലൂടെ ചാക്കോച്ചന്‍ അവതരിപ്പിച്ചു. ഏറ്റവും ഒടുവില്‍ അഞ്ചാം പാതിരയിലെ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രവും സിനിമയും പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ചോക്ലേറ്റ് സ്റ്റാര്‍ എന്നത് ഡാര്‍ക്ക് ചോക്ലേറ്റ് സ്റ്റാര്‍ എന്ന വിളിയിലേക്കും ആരാധകര്‍ വിളിച്ചു തുടങ്ങി.
കൈ നിറയെ സിനിമകളാണ് ചാക്കോച്ചന്റെതായി പുറത്തിറങ്ങാനുള്ളത്. എല്ലാം ഏറെ പ്രതീക്ഷകളുള്ള സിനിമയാണിത്. ജിസ് ജോയ് ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ്, മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം നായാട്ട്. അപ്പു ഭട്ടതിരിയുടെ ആദ്യ ചിത്രം നിഴല്‍, ജയ് കെയുടെ ഗര്‍ര്‍, ജോണ്‍ പോള്‍ ജോര്‍ജിന്റെ മറിയം ടൈലേര്‍സ്, സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, പട, ജൂഡ് ആന്റണി ജോസഫിന്റെ 2043 ഫീറ്റ്, തുടങ്ങി നിരവധി ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
Content Highlights: Happy Birthday Kunchacko Boban, Birth Day Special Write up