2003-ല്‍ നടന്ന ‘ജിം’ നമുക്ക് മറക്കാനായിട്ടില്ല. ആഗോള നിക്ഷേപക സംഗമത്തില്‍ അന്ന് പ്രദര്‍ശനത്തിന് വയ്ക്കപ്പെട്ട ശുദ്ധജലവിതരണ രംഗം ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്ന് മാത്രം പരിശോധിച്ചാല്‍ മതി, ഈ മൂലധനമേള കേരളത്തെ വികസിപ്പിക്കുമോ അടിസ്ഥാനമേഖലകളെ തകര്‍ക്കുമോ എന്നറിയാനാകും.എം. ഷാജര്‍ഖാന്‍ എഴുതുന്നു..
എസ്സേയ്‌സ്/എം. ഷാജര്‍ഖാന്‍
“വികസ്വര രാജ്യങ്ങള്‍ക്കിടയിലെ അപരിമേയമായ ക്രമഭംഗങ്ങളുടെ നാടാണ് കേരളം, മൂന്നാം ലോകരാജ്യങ്ങള്‍ക്ക് യഥാര്‍ത്ഥമായ പ്രതീക്ഷ നല്‍കുന്ന നാട്…. നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളുമാണ് ഇവിടുത്തെ സവിശേഷതയെങ്കിലും സാമൂഹ്യവികസന സൂചികയില്‍ എവറസ്റ്റ് പര്‍വതത്തിന് സമാനമായ സ്ഥാനമാണ് കേരളത്തിനുള്ളത്.”” ദേശീയ ഭൂമിശാസ്ത്രയാത്രികന്‍ ബില്‍മക്കാബിന്‍ എന്നൊരാള്‍ പറഞ്ഞതായി എമേര്‍ജിങ് കേരളയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്ന വാക്കുകളാണിത്.[]
“വികസന” സാധ്യതകള്‍ കണ്ടറിയാന്‍ കടന്നുവരുന്ന ആഗോള നിക്ഷേപകര്‍ക്ക് കേരളത്തെ വിലയ്ക്കു വാങ്ങാന്‍ പ്രേരണ നല്‍കുന്ന വാക്കുകള്‍. ഇതുമാത്രമല്ല, ഓരോ മേഖലയും പരിചയപ്പെടുത്തുമ്പോള്‍ പ്രകൃതി വര്‍ണനകള്‍ പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നു. “വരൂ, ഉദിച്ചുയരുന്ന കേരളത്തിന്റെ ഭാഗമാകൂ” എന്നാണ് നിക്ഷേപകര്‍ക്ക് നല്‍കുന്ന ക്ഷണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. വന്നു കാണുക, ഈ ഭൂപ്രദേശത്തിന്റെ അഭൗമ സൗന്ദര്യം.
സാധ്യതകള്‍, വമ്പിച്ച നിക്ഷേപ സാധ്യതകള്‍ അതാണ് പുതിയ കേരളത്തെ വ്യത്യസ്തവും ആകര്‍ഷണീയവുമാക്കി മാറ്റുന്നതെന്ന സന്ദേശം നല്‍കി കൊണ്ടാണ് എമേര്‍ജിങ് കേരളയുടെ രംഗപടം സെപ്റ്റംബര്‍ 12ന് കൊച്ചിയിലെ ലെ-മെറിഡിയന്‍ ഹോട്ടലില്‍ ഉയരുന്നത്. അതിനായി കൊച്ചി അണിഞ്ഞൊരുങ്ങുകയാണ്. വ്യവസായികള്‍ ആഹ്ലാദത്തിലാണ്. ഇന്ത്യയില്‍ നിന്നും വിദേശ-രാജ്യങ്ങളില്‍ നിന്നുമായി ഇതിനകം 2,200 നിക്ഷേപകര്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അവരെ സ്വീകരിക്കാനും കേരളത്തിന്റെ പുകഴ്‌പെറ്റ പ്രകൃതിസൗന്ദര്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞ് അവരെ കോള്‍മയിര്‍കൊള്ളിക്കാനും സംഘാടകര്‍ അത്യുത്സാഹത്തോടെ ഓടി നടക്കുകയാണ്.
കേരളജനതയുടെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച്, അവരുടെ സംസ്‌കാരത്തെക്കുറിച്ച്, പാരമ്പര്യത്തെക്കുറിച്ച്, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച്, ടൂറിസത്തിന്റെ അന്തമറ്റ സാധ്യതകളെക്കുറിച്ച് കോരിത്തരിപ്പിക്കുന്ന വിശേഷണങ്ങള്‍ നല്‍കി നിക്ഷേപകരെ കുളിപ്പിച്ച് അവര്‍ക്ക് പരവതാനി വിരിക്കുവാനുള്ള പ്രധാനചുമതല കെ.എസ്.ഐ.ഡി.സിയ്ക്കാണ്. അവരത് ഭംഗിയായി നിര്‍വഹിച്ചുവെന്ന് പറയാം. കേരളത്തിന്റെ യശസ്സും പാരമ്പര്യവുമൊക്കെ ലോകമെങ്ങും എത്തിച്ചുകൊണ്ടുള്ള ആലാപനങ്ങള്‍ മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞു. എത്ര കോടിയുടെ വികസനമാണ് വരാന്‍ പോകുന്നതെന്ന് പറയാന്‍ കഴിയില്ല. അതെത്രയുമാകാം. എന്തായാലും 2003-ല്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് പോലെയാവില്ല എമേര്‍ജിങ് കേരളയെന്ന് വ്യവസായ വകുപ്പ് തീര്‍ത്തു പ്രഖ്യാപിക്കുന്നു. കേരളസര്‍ക്കാരും വ്യവസായികളും ഇടനിലക്കാരുമൊക്കെ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമേര്‍ജിങ് കേരള മേളയില്‍ സംഭവിക്കാന്‍ പോകുന്നതെന്ത്?
“വികസന”ത്തിന് പരിപക്വമായ രംഗശാല?
2012 സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഭദ്രദീപം കൊളുത്തുന്നതോടെ വ്യവസായ വളര്‍ച്ചയുടെ അനന്തവിഹായസ്സിലേക്ക് കേരളം ഉദിച്ചുയരാന്‍ തുടങ്ങുമെന്നാണ് പ്രചാരണം.
ഉത്തുംഗ ശൃംഖങ്ങളില്‍ വിരാജിക്കുന്ന കഥാപാത്രങ്ങളുള്ള രംഗവേദിയെപ്പോലെയാണ് കേരളം എന്നാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് (Kerala: The Perfect theatre for consummate actors – Brochure) മൂന്ന് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങള്‍, ഇന്ത്യയിലെ തന്നെ ഒരേയൊരു ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പുമെന്റ് ടെര്‍മിനല്‍, കൊച്ചിയില്‍ വരാന്‍ പോകുന്ന മെട്രോ റയില്‍, തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നീണ്ടുപോകുന്ന അതിവേഗ റെയില്‍ കോറിഡോര്‍, വിദ്യാഭ്യാസരംഗത്തെ അനന്തമായ സാധ്യതകള്‍, 8 ദേശീയപാതകള്‍, ഐ.ടി.രംഗത്തെ വമ്പിച്ച മുന്നേറ്റങ്ങള്‍, എല്‍.എന്‍.ജി ടെര്‍മിനല്‍, ഗെയില്‍ (GAIL) നിര്‍മ്മിക്കുന്ന രണ്ട് ഗ്യാസ് പൈപ്പുലൈനുകള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിയിലെ ഇലക്‌ട്രോണിക് ഹബ്, മലപ്പുറത്തെ എജ്യുസിറ്റി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി-കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, കൊല്ലത്തെ ടൈറ്റാനിയം സ്‌പോഞ്ച് കോംപ്ലക്‌സ്, തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, ആരോഗ്യരംഗത്ത് വന്‍കിട ആശുപത്രികള്‍ അങ്ങനെയങ്ങനെ എന്തെല്ലാം. അവയില്‍ ഏതിലും നിക്ഷേപിക്കാനും പദ്ധതികള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കാനും സന്നദ്ധതയുള്ള ആര്‍ക്കും കടന്നു വരാം. വളര്‍ച്ചാ നിരക്കില്‍ വമ്പന്‍ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2012 സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഭദ്രദീപം കൊളുത്തുന്നതോടെ വ്യവസായ വളര്‍ച്ചയുടെ അനന്തവിഹായസ്സിലേക്ക് കേരളം ഉദിച്ചുയരാന്‍ തുടങ്ങുമെന്നാണ് പ്രചാരണം.
2003-ല്‍ നടന്ന “ജിം” നമുക്ക് മറക്കാനായിട്ടില്ല. ആഗോള നിക്ഷേപക സംഗമത്തില്‍ അന്ന് പ്രദര്‍ശനത്തിന് വയ്ക്കപ്പെട്ട ശുദ്ധജലവിതരണ രംഗം ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്ന് മാത്രം പരിശോധിച്ചാല്‍ മതി, ഈ മൂലധനമേള കേരളത്തെ വികസിപ്പിക്കുമോ അടിസ്ഥാനമേഖലകളെ തകര്‍ക്കുമോ എന്നറിയാനാകും. കുടിവെള്ള വിതരണരംഗത്ത് ബഹുരാഷ്ട്ര ഭീമന്മാര്‍ കടന്ന് വരികയും സമ്പൂര്‍ണ്ണസ്വകാര്യവല്‍ക്കരണം ദ്രുതഗതിയില്‍ വ്യാപകമാവുകയും ചെയ്തത് “ജിം” -ന് ശേഷമായിരുന്നു.
പണം മുടക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമായി ശുദ്ധജലം വിതരണം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിയല്ലോ. ഗ്രാമീണ ശുദ്ധജലപദ്ധതികളിലെല്ലാം സ്വകാര്യമൂലധനശക്തികള്‍ കടന്നുവന്നു. കേരളാവാട്ടര്‍ അതോറിട്ടിയുടെ നിലനില്‍പ്പും അപകടത്തിലായി. ജലസ്രോതസ്സുകള്‍ക്കു മേലുള്ള അധികാര-നിയന്ത്രണങ്ങളെല്ലാം വന്‍കിട കമ്പനികള്‍ക്കു കൈവരുന്ന വിധത്തില്‍ ഭൂഗര്‍ഭജലനിയന്ത്രണ നിയമവും സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുകയുണ്ടായി. പൊള്ളുന്ന വില കൊടുത്തു കുപ്പിവെള്ളം വാങ്ങി കുടിക്കണം എന്നതായി ഏറ്റവുമൊടുവില്‍ അവശേഷിക്കുന്ന സ്ഥിതി. സ്വകാര്യമൂലധന ശക്തികള്‍ ഏത് രംഗത്ത് കടന്നുവന്നാലും പരമാവധി ലാഭം കൊയ്യുകയും ജനക്ഷേമത്തെ അട്ടിമറിക്കുകയും ചെയ്യും എന്ന കാര്യം ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ?
സര്‍ക്കാരിന്റെ കൈവശമുള്ള വിഭവങ്ങള്‍ പരിമിതമാണെന്നും വ്യവസായ വികസനത്തിന് ആഗോള നിക്ഷേപം സംസ്ഥാനത്തെത്തിക്കുക മാത്രമാണ് പോംവഴിയെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിഭവങ്ങള്‍ പരിമിതമാണെന്ന വാദം ഒരു ന്യായം മാത്രമാണ്. സര്‍ക്കാറിന്റെ കൈവശമുള്ള ഭൗതിക സംവിധാനങ്ങളെക്കുറിച്ച് എമേര്‍ജിങ് കേരളയില്‍ നല്‍കുന്ന പരസ്യം കണ്ടാല്‍ മനസ്സിലാക്കാം എത്ര സമ്പന്നമാണ് ഈ സര്‍ക്കാരെന്ന്.
പക്ഷേ, കേരളത്തിന്റെ പുരോഗതിക്ക് വിശേഷിച്ചും വ്യാവസായിക മുന്നേറ്റത്തിന് സ്വകാര്യമൂലധനനിക്ഷേപം കൂടിയേ തീരൂ എന്നതാണ് എല്ലാ സര്‍ക്കാരുകളും പിന്തുടരുന്ന നയം. സര്‍ക്കാരിന്റെ കൈവശമുള്ള വിഭവങ്ങള്‍ പരിമിതമാണെന്നും വ്യവസായ വികസനത്തിന് ആഗോള നിക്ഷേപം സംസ്ഥാനത്തെത്തിക്കുക മാത്രമാണ് പോംവഴിയെന്നും സര്‍ക്കാര്‍ വാദിക്കുന്നു. വിഭവങ്ങള്‍ പരിമിതമാണെന്ന വാദം ഒരു ന്യായം മാത്രമാണ്. സര്‍ക്കാറിന്റെ കൈവശമുള്ള ഭൗതിക സംവിധാനങ്ങളെക്കുറിച്ച് എമേര്‍ജിങ് കേരളയില്‍ നല്‍കുന്ന പരസ്യം കണ്ടാല്‍ മനസ്സിലാക്കാം എത്ര സമ്പന്നമാണ് ഈ സര്‍ക്കാരെന്ന്.
കേരളത്തിന്റെ ധാതു സമ്പത്തുള്‍പ്പെടെയുള്ള പൊതുസ്വത്തിനുടമയാണ് സര്‍ക്കാര്‍. പ്രവാസി മലയാളികള്‍ പ്രതിവര്‍ഷം 5000 കോടിയുടെ വിദേശനാണ്യമാണ് കേരളത്തിലെത്തിക്കുന്നത്. വില്‍പ്പന നികുതിയിനത്തില്‍ പിരിച്ചെടുക്കാതെ പോകുന്ന കോടികളും പ്രത്യക്ഷനികുതിയിനത്തില്‍ കോര്‍പ്പറേറ്റുകളും വ്യവസായികളും നല്‍കാനുള്ള കുടിശ്ശിക തുകയും കണക്കാക്കിയാല്‍ ശതകോടികള്‍ വരും. പരോക്ഷ നികുതി വര്‍ധനവുകളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന തുക വേറെ. അതുകൊണ്ട് ആ ന്യായം അവിടെ നില്‍ക്കട്ടെ.
അടുത്ത പേജില്‍ തുടരുന്നു
വികസനത്തെയും പുരോഗതിയെയുംകുറിച്ചുള്ള ജനപക്ഷ സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായി മറന്നാലേ മൂലധനശക്തികളുടെ വികസനരഥം ലക്ഷ്യസ്ഥാനത്തെത്തുകയുള്ളൂ. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. അല്‍പ്പമാത്രമായ ജോലി സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന അനുകൂലഘടകം. പക്ഷേ, അതുപോലും പ്രത്യേക സാമ്പത്തിക മേഖലയുടെ നിഷ്ഠുരമായ ചൂഷണ വലയത്തിനുള്ളിലാണ്.
ജനങ്ങളുടെ ക്രയശേഷിയെ പിഴിഞ്ഞെടുക്കാന്‍, ചോര ഊറ്റിക്കുടിക്കാന്‍ കമ്പനികള്‍ക്കു നിര്‍ബാധം അവസരം തുറന്നുകൊടുക്കുന്ന നടപടിയാണിത്.
എമേര്‍ജിങ് കേരളയില്‍ പ്രദര്‍ശനത്തിന് വയ്ക്കപ്പെടുന്ന കേരളത്തിന്റെ അടിസ്ഥാനമേഖലകളില്‍ കണ്ണ് വച്ച് കടന്നുവരുന്ന സ്വദേശ-വിദേശ മള്‍ട്ടിനാഷണല്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചാല്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോ? കേരളം നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമാകും. ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഹബ്ബ് ആകും എന്നൊക്കെയുള്ളത് ശരിയായിരിക്കാം. പക്ഷേ, അതങ്ങനെയാകണമോയെന്ന ചോദ്യമുണ്ടല്ലോ? മൂലധനത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തിലൂടെ എവിടെയെങ്കിലും സാമൂഹിക പുരോഗതിയുണ്ടായിട്ടുണ്ടോ? വികസനത്തെയും പുരോഗതിയെയുംകുറിച്ചുള്ള ജനപക്ഷ സങ്കല്‍പ്പങ്ങള്‍ പൂര്‍ണ്ണമായി മറന്നാലേ മൂലധനശക്തികളുടെ വികസനരഥം ലക്ഷ്യസ്ഥാനത്തെത്തുകയുള്ളൂ. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. അല്‍പ്പമാത്രമായ ജോലി സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന അനുകൂലഘടകം. പക്ഷേ, അതുപോലും പ്രത്യേക സാമ്പത്തിക മേഖലയുടെ നിഷ്ഠുരമായ ചൂഷണ വലയത്തിനുള്ളിലാണ്.[]
ഐ.ടി രംഗത്തെ വികസനകുതിപ്പിനെക്കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണത്തിനിടയിലും കേവലം രണ്ടായിരമോ മൂവായിരമോ രൂപയ്ക്കു പണിയെടുക്കുന്നവര്‍ ടെക്‌നോപാര്‍ക്കിലുണ്ട് എന്ന കാര്യം മറക്കരുത്. കോടികള്‍ ലാഭം കൊയ്യുന്ന ഐ.ടി കമ്പനികള്‍ നാടിന്റെ ആകമാന വികസനത്തിന് തുലോം നിസ്സാരമായ സംഭാവന മാത്രമാണ് നല്‍കുന്നത്. അങ്ങനെയിരിക്കെ റോഡ്, റെയില്‍, കപ്പല്‍ഗതാഗതം, ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ഭൗതിക സംവിധാനങ്ങളുടെ മണ്ഡലത്തില്‍ ബഹുരാഷ്ട്ര കമ്പനികളെ മുടക്ക് മുതലിന് ക്ഷണിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. മൂലധനശക്തികളുടെ ദാസ്യത്തിന് കീഴ്‌പ്പെടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. ജനങ്ങളുടെ ക്രയശേഷിയെ പിഴിഞ്ഞെടുക്കാന്‍, ചോര ഊറ്റിക്കുടിക്കാന്‍ കമ്പനികള്‍ക്കു നിര്‍ബാധം അവസരം തുറന്നുകൊടുക്കുന്ന നടപടിയാണിത്. പൊതുസ്വത്ത് പ്രദര്‍ശനശാലയില്‍ വില്‍പ്പനയ്ക്കു വയ്ക്കുംമുമ്പ് സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ട വിഷയമാണിത്. എന്തുവില കൊടുത്തും നിക്ഷേപകരെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കുതിക്കുമ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിവരം അറിയാതെ പോകരുത്.
കേരളം വില്‍പ്പനയ്ക്ക്
എമേര്‍ജിങ് കേരളയുടെ പ്രദര്‍ശനശാലയില്‍ “ഷോകേസ്” ചെയ്യപ്പെടുന്ന മേഖലകള്‍ കണ്ടാല്‍ തന്നെ ആരും ഭയപ്പെട്ടുപോകും. 26 ഫോക്കസ് രംഗങ്ങളുണ്ട്. ഐ.ടിയും വിദ്യാഭ്യാസമേഖലയും, ടൂറിസം, ആരോഗ്യരംഗം എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. പിന്നെ, എഞ്ചിനിയറിങ്് വ്യാപാരവും ചെറുകിട വ്യാപാരമേഖലയും, ഭക്ഷ്യസംസ്‌കരണം, സ്വര്‍ണ്ണവും രത്‌നങ്ങളും, ധാതുമണല്‍, വസ്ത്രവ്യാപാരം, തുറമുഖവും അനുബന്ധവ്യവസായങ്ങളും, ഇലക്‌ട്രോണിക്‌സ്, വാതകത്തെ ആസ്പദമാക്കിയ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹരിതോര്‍ജവും പാരിസ്ഥിതിക സാങ്കേതികവിദ്യയും, ബയോടെക്‌നോളജി, നാനോ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, നഗരവികസനം, ഇന്‍ഫോടെയിന്‍മെന്റ്, ലോജിസ്റ്റിക് പാര്‍ക്‌സ്, പെട്രോ കെമിക്കല്‍സ്, ജലസാങ്കേതികവിദ്യ, അടിസ്ഥാന-വ്യാവസായിക വികസനം, വിമാനത്താവളം, വിമാനങ്ങള്‍, ഹെലികോപ്റ്റര്‍, ജലഗതാഗതം, മികവിന്റെ കേന്ദ്രങ്ങള്‍, അടിസ്ഥാന ഭൗതിക വികസനം, (റോഡ്, റെയില്‍, വൈദ്യുതി, ജലവിതരണം, സ്വീവേജ്) എം.എസ്.എം.ഇ (MSME) , സാമ്പത്തിക സേവനങ്ങള്‍. ഇത്രയുമാണ് എമേര്‍ജിങ് കേരളയില്‍ പ്രദര്‍ശനത്തിന് വയ്ക്കപ്പെടുന്നത്. അതായത്, കേരളത്തിന്റെ സര്‍വ്വമാന മേഖലകളും ഇതിലുള്‍പ്പെടുന്നു.
ഈ രംഗത്തെല്ലാം കൂടി നിക്ഷേപം വന്നാല്‍ അതിഭീമമായ മൂലധനമായിരിക്കും ഇവിടെ ഒഴുകുക. അങ്ങനെ ഒഴുകുന്ന നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ സബ്‌സിഡിയാണ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഭൂമിയുള്‍പ്പെടെയുള്ള അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ സൗജന്യനിരക്കില്‍ നല്‍കും. എഫ്.ഡി.ഐ ചട്ടങ്ങള്‍ വളരെ വളരെ ഉദാരമാണിപ്പോള്‍. അനുമതിയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തന്നെ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പുനാടയോ മറ്റെന്തെങ്കിലുമോ തടസ്സമാകാത്തവിധത്തില്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് 27.4-2000-ല്‍ നിലവില്‍ വന്നിരുന്നു. അതിനുള്ള നോഡല്‍ ഏജന്‍സിയും കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ തന്നെയാണ്. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. എം.ഒ.യു ഒപ്പുവയ്ക്കുക മാത്രം ചെയ്താല്‍ മതി. ബാക്കിയെല്ലാം വേഗതയില്‍ പൂര്‍ത്തിയാക്കാനാവും.
മെഗാപ്രോജക്ടുകള്‍ പത്തെണ്ണമാണ് പ്രദര്‍ശന സ്റ്റാളില്‍ സ്ഥാനം പിടിക്കുന്നത്. അതില്‍ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, അതിവേഗ റെയില്‍കോറിഡോര്‍, മോണോറയില്‍, ഇലക്‌ട്രോണിക് ഹബ്ബ് എന്നിവയുമുണ്ട്. അതിവേഗ റെയില്‍കോറിഡോര്‍ മാത്രം 650 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയാണ് കോറിഡോര്‍ എക്‌സ്പ്രസ്സ് ഹൈവേക്കു വേണ്ടി കേരളത്തെ വെട്ടിമുറിക്കാന്‍ ശ്രമിച്ചതുപോലെ റെയില്‍കോറിഡോര്‍ പദ്ധതിക്കും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ജനങ്ങളില്‍ നിന്ന് തട്ടിയെടുക്കേണ്ടി വരും. ദേശീയപാത വികസനം ഭൂമിയെടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ അട്ടിമറിച്ച സര്‍ക്കാര്‍ പുതിയ അതിവേഗ പാതയ്ക്കു മൂലധന ശക്തികളെ ക്ഷണിക്കുകയാണ് എമേര്‍ജിങ് കേരളയില്‍.
വികസനത്തിന്റെ പുതിയ മാതൃക
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി ചൂഷണത്തിനുള്ള വാതില്‍ തുറന്നുകൊടുക്കാനുള്ള ഉദ്യമത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും വ്യവസ്ഥാപിത രാഷ്ട്രീയശക്തികള്‍ തയ്യാറല്ലായെന്നു തന്നെയാണ് ‘ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരള’വും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.
അങ്ങനെ വികസനം എന്നത് മൂലധന വികസനമായി മാറുകയാണ്. മൂലധനത്തിന് സ്വച്ഛന്ദം കടന്നുവരുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത വികസന മാതൃകയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ച് എഴുന്നള്ളിക്കുന്നത്. എമേര്‍ജിങ് കേരളയില്‍ പൂര്‍ണമായി സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതുന്ന പ്രോജക്ടുകളും വില്‍പ്പനക്കുണ്ട്. ഒരുവിധത്തിലും ലാഭമുണ്ടാക്കാനാവാത്ത സേവന-സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും അവയുടെ ചുമതല പഞ്ചായത്തുകളിലും ജനങ്ങളിലും കെട്ടിവയ്ക്കുകയും, ലാഭം കിട്ടാവുന്ന പൊതുമേഖലകളെ ലാഭത്തിന്റെ ശക്തികള്‍ക്ക് കൈമാറുകയും ചെയ്യുക എന്ന തത്ത്വമാണ് പുതിയ കേരള വികസന മാതൃക.
പൊതുവുടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അശ്രീകരങ്ങളായി ചാപ്പകുത്തി പൂട്ടിക്കുക എന്ന പണിയാണ് ഏറെക്കാലമായി അധികാരികള്‍ നടത്തിവന്നത്. അതുവഴി, പൊതുമേഖലാ സ്ഥാപനങ്ങള്‍ “ലാഭകരമല്ല” എന്ന നിഗമനത്തില്‍ ഏവരും എത്തിച്ചേരുകയും തല്‍സ്ഥാനത്ത് സ്വകാര്യമുതലാളിത്ത സംരംഭങ്ങള്‍ വരട്ടെ എന്ന മനോഭാവം വളര്‍ത്തിയെടുക്കുകയും ചെയ്തു. ആഗോളതലത്തില്‍ തന്നെ പരിചയസമ്പന്നരായ വിദഗ്ധര്‍, ലോകബാങ്ക് ഏജന്‍സികള്‍, പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെപ്പോലെയുള്ള കണ്‍സല്‍ട്ടന്റ്‌സ് എന്നിവര്‍ അതിനായി പണിയെടുക്കുകയുണ്ടായി.
സംസ്ഥാന വ്യാവസായിക വകുപ്പ് ചെറുകിട വ്യവസായ മേഖലയെത്തന്നെ ഉന്മൂലനം ചെയ്യുന്ന നടപടികള്‍ എടുത്തുപോന്നു. അധികാരത്തിന്റെ തൊട്ടിലില്‍ സുഖശീതള ജീവിതം നയിച്ചു വരുന്ന ഉദ്യോഗസ്ഥവൃന്ദമാകട്ടെ, പൂട്ടേണ്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുകയും, വില്‍പ്പനയ്ക്കു വയ്‌ക്കേണ്ട ലിസ്റ്റ് തയ്യാറാക്കി പരസ്യപ്പെടുത്തുകയും ചെയ്യുന്ന തിരക്കിലായിരുന്നു. അതോടൊപ്പം തന്നെ കേരളത്തെ നിക്ഷേപസൗഹൃദ സമരരഹിത, അരാഷ്ട്രീയ സുന്ദര സംസ്ഥാനമാക്കാനുള്ള പരിശ്രമങ്ങള്‍ രാഷ്ട്രീയമണ്ഡലത്തില്‍ ചിട്ടയായി നടത്തിയെടുക്കാനും കഴിഞ്ഞു.
അക്കാര്യത്തില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് – ബി.ജെ.പി മുന്നണികള്‍ക്കും കക്ഷികള്‍ക്കും ഒരേപോലെ ക്രെഡിറ്റിനുള്ള അവകാശമുണ്ട്. എന്തായാലും, രാഷ്ട്രീയ സമവായത്തോടെയാണ് 2003-ല്‍ “ജിം” അരങ്ങേറിയത്. 2012-ലെ എമേര്‍ജിങ് കേരളയും വ്യത്യസ്തമല്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി ചൂഷണത്തിനുള്ള വാതില്‍ തുറന്നുകൊടുക്കാനുള്ള ഉദ്യമത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും വ്യവസ്ഥാപിത രാഷ്ട്രീയശക്തികള്‍ തയ്യാറല്ലായെന്നു തന്നെയാണ് “ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരള”വും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.