സൈബര്‍ ലിഞ്ചിങിന് കാരണം ബെന്യാമിന്റെ രാഷ്ട്രീയ നിലപാടുകള്‍
Aadujeevitham
സൈബര്‍ ലിഞ്ചിങിന് കാരണം ബെന്യാമിന്റെ രാഷ്ട്രീയ നിലപാടുകള്‍
വി. അബ്ദുള്‍ ലത്തീഫ്‌
Tuesday, 2nd April 2024, 4:21 pm
ആടുജീവിതം അബോധത്തില്‍ പോലും ഇസ്‌ലാമോഫോബിക് ആയ രചനയാണെന്ന് തോന്നിയിട്ടില്ല. 2008-ല്‍ എഴുതിയ പോലെ എഴുതാനുള്ള സാഹചര്യം ഇന്നുണ്ടോ എന്നത് പുതിയ ചോദ്യമാണ്. പൈറസി ആരോപിച്ച് ബെന്യാമിനെ വിചാരണ ചെയ്യുന്നതിനു പിന്നില്‍ ഹാര്‍ഡ് കോര്‍ റൈറ്റ് വിംഗ് പൊളിറ്റിക്‌സിന്റെ ആസൂത്രിതനീക്കം കാണാം. മുന്‍കാലങ്ങളില്‍ ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ സാമൂഹികരാഷ്ട്രീയകാര്യങ്ങളില്‍ ഉറക്കെപ്പറഞ്ഞ നിലപാടുകള്‍ ഉറപ്പായും ഈ ആക്രമണങ്ങക്കു നിമിത്തമാണ്.

1) മലയാളത്തിലെ ഏറ്റവും മികച്ച നോവലാണ് ആടുജീവിതം എന്നു പറയാനാവില്ല. പക്ഷേ മലയാളിയുടെ അനുഭവലോകത്തെ ആഴത്തില്‍തൊട്ട നോവലാണത്. ഭാഷയുടെ ലാളിത്യം, കൈടയക്കമുള്ള ആഖ്യാനം, ഋജുവായ ശില്പഘടന എന്നതുകൊണ്ട് ആര്‍ക്കും എളുപ്പം വായിക്കാവുന്ന ഒന്നുമായിരുന്നു.

എന്റെ മകള്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് ആ പുസ്തം ഒറ്റയിരുപ്പിന് വായിച്ചത് എന്നോര്‍ക്കുന്നു. ഇപ്പോള്‍ കടുത്ത നിരൂപണങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന ആളുകളടക്കം ആകെക്കൂടി വായിച്ച നോവലാകും അത്. എന്തായാലും മലയാളിയെ വായനയിലേക്ക് കൊണ്ടു വന്നു എന്നതുകൊണ്ട് വായനാചരിത്രത്തില്‍ അത് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.

2) സ്വാതന്ത്ര്യാനന്തര കേരളത്തില്‍ മലയാളിയെ ആഴത്തില്‍ തൊട്ട അനുഭവം പ്രവാസമാണ്. യുദ്ധം, ആഭ്യന്തരകലഹങ്ങള്‍, വര്‍ഗീയലഹളകള്‍, തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ ഇവയൊന്നും ഇക്കാലത്ത് മലയാളിയെ ആഴത്തില്‍ തൊട്ടിട്ടില്ല.

3) പ്രവാസാനുഭവത്തിന് എതിരും പൂരകവുമാകുന്ന ഒരു പ്രയോഗം ബാബുഭരദ്വാജ് നടത്തുന്നുണ്ട്. നിവാസം എന്നാണ് ആ പ്രയോഗം.(അദ്ദേഹമെഴുതിയ ഒരു അവതാരികയിലോ മറ്റോ ആണ് അത് വായിച്ചതെന്നാണ് ഓര്‍മ്മ) പ്രവാസിയുടെ വീട്ടിലും നാട്ടിലും ഇരിക്കുന്നവര്‍ അനുഭവിക്കുന്ന അവസ്ഥയെയാണ് നിവാസം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ബാബുഭരദ്വാജ്

7ല്‍ പഠിക്കമ്പോള്‍ ഉപ്പ ഗള്‍ഫില്‍ പോയ എനിക്ക് നിവാസം എന്താണെന്ന് കൃത്യമായി അറിയാം. നിവാസംകൂടി ചേര്‍ന്നാണ് പ്രവാസാനുഭവം സങ്കീര്‍ണമായ സാമൂഹികാനുഭവമാകുന്നത്. കൂട്ടുകാരോ നാട്ടുകാരോ ഒക്കെ പ്രവാസികളാകുന്നതോടെ ഓരോ മലയാളിയുടെയും തീവ്രാനുഭവമായി പ്രവാസം മാറുന്നു.

4) മേല്പറഞ്ഞ കാരണങ്ങളോടൊപ്പം മനുഷ്യനെ പെട്ടെന്ന് തൊടുന്ന അതിസൂക്ഷ്മമായ ചില അംശങ്ങള്‍ ആ നോവലിലുണ്ട്. ചങ്ങമ്പുഴയുടെ രമണനും ബഷീറിന്റെ ബാല്യകാലസഖിയും എം.ടി.യുടെ നാലുകെട്ടുമൊക്കെ സൂക്ഷ്മമായ കാരണങ്ങളാല്‍ വായനക്കാരിലേക്ക് പടര്‍ന്നുകയറിയ രചനകളാണ്.

5) മക്കയിലേക്കുള്ള പാതയിലെ മരുഭൂവിവരണങ്ങള്‍ വായിച്ച് സ്തംഭിച്ചിരുന്ന ആളാണ് ഞാന്‍. വില്‍ഫ്രെഡ് തെസീഗറുടെ ‘അറേബ്യന്‍ സാന്റ്സ്’ ലോകവ്യാപകമായി കലാകാരന്മാരും അല്ലാത്തവരുമായ ആളുകളുടെ ഭാവനയെ മരുഭൂമിയുടെ സൂക്ഷ്മസൗന്ദര്യങ്ങളിലേക്ക് തിരിച്ചു വച്ച പുസ്തകമാണ്.

ഇതിനും മുമ്പ് അറബികള്‍ ഓട്ടോമന്‍ ഏകാധിപത്യത്തിനെതിരെ നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ലോറന്‍സ് ഓഫ് അറേബ്യ വന്നു.

ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തവരാണ് ബെന്യാമിന്‍ മുഹമ്മദ് അസദിനെ കോപ്പിയടിച്ചു എന്നു പറയുന്നത്.

6) മരുഭൂ അനുഭവങ്ങളുടെ മിനിമം കാര്യങ്ങളാണ് കടുത്ത ചൂട്, രൂപം മാറുന്ന മണല്‍ക്കുന്നുകള്‍, മണല്‍ക്കാറ്റ്, ഡീഹൈഡ്രേഷന്‍ സംഭവിച്ചുള്ള മരണം, മരീചിക, മരുപ്പച്ച എന്നിവ. ഒരുമാതിരി മരുഭൂവിവരണങ്ങളിലൊക്കെ ഇതുണ്ട്. ആറേബ്യന്‍ സാന്റിസിലും റോഡ് റ്റു മെക്കയിലും പറഞ്ഞ പല സൂക്ഷ്മസൌന്ദര്യങ്ങളും ആടുജീവിതത്തില്‍ ഇല്ല. മരുഭൂമിയുടെ ഒരനുഭവവും പറയാന്‍ പാടില്ല എന്ന മട്ടിലുള്ള ആക്ഷേപങ്ങളൊക്കെ ബാലിശമാണ്.

7) നോവല്‍ പ്രസിദ്ധീകരിച്ച 2008-ല്‍നിന്ന് 2024-ലെത്തുമ്പോള്‍ മലയാളിയുടെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ചുള്ള കാഴ്ചപ്പാടൊക്കെ ഏറെ മാറിയിട്ടുണ്ട്. 70-കളിലുണ്ടായ നോവലും കഥകളുമൊക്കെ ഇപ്പോള്‍ വായിച്ചാല്‍ എടുത്ത് തോട്ടിലെറിഞ്ഞു പോകും.

എം.ടി.യുടെ ആഖ്യാനങ്ങളില്‍ കൃഷിപ്പണിക്കാരായ മനുഷ്യര്‍ക്ക് ജാതിപ്പേരേ മിക്കവാറും ഉണ്ടാകൂ.

ഉറൂബിന്റെ ഉമ്മാച്ചുവില്‍ ആദിവാസിമനുഷ്യരെ വര്‍ണിക്കുന്നത് പറ്റിക്കപ്പെടേണ്ടവരാണ് എന്ന മട്ടിലാണ്. അവരെ ചൂഷണം ചെയ്യുന്നതിലാണ് മായന്റെ മിടുക്ക് കാണുന്നത്. അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍ ഇന്നെടുത്തു വായിച്ചാല്‍ സ്ത്രീവിരുദ്ധതയുടെ പൊടിപൂരമായിരിക്കും.

ബെന്യാമിന്‍ ഷുക്കൂറിന്റെ ജീവിതം കഥയാക്കുമ്പോള്‍, അതുസംബന്ധമായ പ്രസ്താവനകള്‍ നടത്തുമ്പോഴൊക്കെ അബോധത്തില്‍ ഇത്തരം കാര്യങ്ങളൊക്കെ സംഭവിച്ചിരിക്കാം. തുടക്കം മുതല്‍ നജീബിനെ ബെന്യാമിന്‍ ചേര്‍ത്തു പിടിച്ചിരുന്നു. പുസ്തകത്തിന്റെ പ്രകാശനവേളയില്‍വരെ അയാളുണ്ടായിരുന്നു എന്നാണ് ഓര്‍മ്മ.

ഇപ്പോള്‍ അത് ഫിക്ഷനാണ് എന്നു പറയുന്നതു തന്നെയണ് നല്ലത്. ആ പറച്ചില്‍ നജീബിനെയോ ഷുക്കൂറിനെയോ തള്ളിപ്പറയലല്ല, വേറൊരു വിധത്തില്‍ ചേര്‍ത്തു പിടിക്കലാണ്. ആ മനുഷ്യനു നേരെയുണ്ടായേക്കാവുന്ന ആക്ഷേപങ്ങള്‍ക്കുള്ള പ്രതിരോധമാണ്.

8) പുസ്തകത്തെ ഇഴകീറി പരിശോധിക്കുന്നതുകൊണ്ടോ എഴുത്തുകാരനെ വിമര്‍ശിക്കുന്നതുകൊണ്ടോ എന്തെങ്കിലും പ്രശ്‌നമുണ്ട് എന്നു തോന്നുന്നില്ല. അതുപോലെ അറബ് ലോകം ഒരുകാലത്ത് ഇന്ത്യാക്കാരടക്കമുള്ളവരോട് ചെയ്ത കാര്യങ്ങളും വിലയിരുത്തേണ്ടതാണ്. ജനാധിപത്യവിചാരമാതൃക പിന്തുടരുന്ന കാലത്ത് മതങ്ങളെയും മറ്റ് ഫ്യൂഡല്‍ സംവിധാനങ്ങളെയും വിമര്‍ശനവിധേയമാക്കുന്നത് സ്വാഭാവികം മാത്രമാണ്. അത് ഫോബിയ ആകുന്നതും ഫോബിയയാണ് എന്ന് ആരോപിക്കുന്നതുമൊക്കെ വേറെ കാര്യങ്ങളാണ്. ഓരോന്നായി നോക്കാം.

9) പരസ്പരബഹുമാനമോ സാമാജികധര്‍മ്മമോ പാലിക്കാത്ത സൈബര്‍ലിഞ്ചിംഗ് സോഷ്യല്‍മീഡിയാ കാലത്തിന്റെ ഒരു പ്രതിഭാസമാണ് (ഇതേക്കുറിച്ച് എന്റെയൊരു ലേഖനമുണ്ട്). ബെന്യാമിനു നേരെ ഇപ്പോള്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ 90 ശതമാനവും സൈബര്‍ ലിഞ്ചിംഗിന്റെ പരിധിയില്‍ വരുന്നതാണ്.

10) ആടുജീവിതം അബോധത്തില്‍ പോലും ഇസ്‌ലാമോഫോബിക് ആയ രചനയാണെന്ന് തോന്നിയിട്ടില്ല. 2008-ല്‍ എഴുതിയ പോലെ എഴുതാനുള്ള സാഹചര്യം ഇന്നുണ്ടോ എന്നത് പുതിയ ചോദ്യമാണ്. പൈറസി ആരോപിച്ച് ബെന്യാമിനെ വിചാരണ ചെയ്യുന്നതിനു പിന്നില്‍ ഹാര്‍ഡ് കോര്‍ റൈറ്റ് വിംഗ് പൊളിറ്റിക്‌സിന്റെ ആസൂത്രിതനീക്കം കാണാം.

മുന്‍കാലങ്ങളില്‍ ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ സാമൂഹികരാഷ്ട്രീയകാര്യങ്ങളില്‍ ഉറക്കെപ്പറഞ്ഞ നിലപാടുകള്‍ ഉറപ്പായും ഈ ആക്രമണങ്ങക്കു നിമിത്തമാണ്.

11) ഒരുപക്ഷേ സംഘപരിവാര്‍ ഫണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നത് എന്നു പോലും സംശയിക്കാവുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിക് ഗ്രൂപ്പുകളാണ് ഇസ്‌ലാമിക് ഫോബിയ എന്ന ആരോപണവുമായി വരുന്നത്. ഇതില്‍ ചില സാധാരണമനുഷ്യരും വീണുപോയിട്ടുണ്ട്. പതിയെ ചെമ്പു തെളിയുമ്പോള്‍ ആ പ്രശ്‌നം തീരുമെന്നു തോന്നുന്നു.

ഇസ്‌ലാമിക് ഫോബിയ ഉണ്ടാക്കിയെടുക്കാനുള്ള ബോധപൂര്‍വമുള്ള ഫണ്ടഡ് ശ്രമങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട് എന്നത് പകല്‍വെളിച്ചം പോലെ വ്യക്തമായ കാര്യമാണ്. അത്തരമൊരു പണി ബെന്യാമിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല, ഉണ്ടാവുകയും ഇല്ല.

12) കുറച്ചൊക്കെ സിനിമ കാണുന്ന ആളെന്ന നിലയില്‍ ആടുജീവിതം എന്ന ബ്ലെസ്സി ഫിലിം ആവറേജ് നിലവാരത്തിലുള്ള ഒരു ജനപ്രിയസിനിമ ആയേ തോന്നിയുള്ളൂ. മേല്പറഞ്ഞ മരുഭൂ അനുഭവാഖ്യാനങ്ങള്‍ക്കു പുറമെ ബാബു ഭരദ്വാജും വി.മുസഫര്‍ അഹമ്മദും പി.ടി.മുഹമ്മദ് സാദിഖുമൊക്കെ മരുഭൂമിയെ കുറേക്കൂടി അടുത്ത് മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. അതൊക്കെ ചേര്‍ത്ത് ബെന്യാമിന്റെ മരുഭൂമിയെക്കാള്‍ ഉഷാറാക്കാമായിരുന്നു അത് ബ്ലെസ്സി കൈവിട്ടു കളഞ്ഞു എന്ന ആക്ഷേപം എനിക്കുണ്ട്.

സ്വാഭാവികമായ അഭിനയരീതിയിലേക്കും ഡയലോഗ് റെണ്ടറിംഗിലേക്കും മലയാളസിനിമ പ്രവേശിച്ച കാലത്ത് സ്‌റ്റൈലൈസഡ് ശരീരഭാഷയും ഡയലോഗുമായി സിനിമ ബോറടിപ്പിച്ചു. ബ്ലെസ്സിയുടെ സംഭാഷണവും ജീവനില്ലാതെ ബോറായിത്തോന്നി.

13) ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസാനുഭവത്തോടുള്ള ചേര്‍ന്നുനില്‍പുകൊണ്ട് മലയാളി ആ സിനിമ ഏറ്റെടുക്കും, എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നുമാകും എന്നാണ് എന്റെ വിചാരം. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ മികച്ച ഏട് എന്നും സിനിമ വാഴ്ത്തപ്പെടും.

content highlights: The cyber lynching is due to Benyamin’s political views