| Wednesday, 28th June 2023, 10:53 am

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം അംഗീകരിക്കാന്‍ പറ്റില്ല; അപലപിച്ച് വൈറ്റ് ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ അപലപിച്ച് വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദിയോട് ചോദ്യം ചോദിച്ച വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രിന സിദ്ദിഖിക്കെതിരെയാണ് സൈബര്‍ ആക്രമണമുണ്ടായത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മനുഷ്യാവകാശത്തെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് ചോദ്യം ചോദിച്ചതിന് ശേഷം നടക്കുന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കാനാകുന്നതല്ലെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

‘ഞങ്ങള്‍ സൈബര്‍ ആക്രമണത്തെക്കുറിച്ചുളള വാര്‍ത്തകളറിഞ്ഞു. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഏത് സാഹചര്യത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പീഡനങ്ങളെ ഞങ്ങള്‍ പൂര്‍ണമായും അപലപിക്കുന്നു.

ഇത് തികച്ചും അസ്വീകാര്യമാണ്. സന്ദര്‍ശന വേളയില്‍ ഊന്നല്‍ കൊടുത്ത ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് എതിരാണിത്,’ ദേശീയ സുരക്ഷാ പ്രശ്‌നങ്ങളിലെ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യാവകാശത്തെ കുറിച്ച് ഏതൊക്കെ തരത്തിലുള്ള കാര്യങ്ങളാണ് ബൈഡനും മോദിയും സംസാരിച്ചതെന്ന് മാധ്യമങ്ങള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറിനോടും ചോദിച്ചിരുന്നു. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ തങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.

വാള്‍ സ്ട്രീറ്റ് ജേര്‍ണലും സിദ്ദീഖിക്കെതിരെ നടക്കുന്ന ആക്രമണത്തെ കുറിച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്.

‘സത്യസന്ധവും നിക്ഷ്പക്ഷവുമായ റിപ്പോര്‍ട്ടിങ്ങില്‍ പേരുകേട്ട മാധ്യമപ്രവര്‍ത്തകയാണ് സിദ്ദിഖി. ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ല. ശക്തമായി അപലപിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ (SAJA) പ്രസിഡന്റായ മൈഥിലി സമ്പത്കുമാര്‍ സിദ്ദിഖിക്ക് പിന്തുണയുമായി രംഗത്തിയിരുന്നു.

‘പ്രധാനമന്ത്രി മോദിയുടെ ആളുകളും വാര്‍ത്തകള്‍ നിരിക്ഷീക്കുന്നവരും പ്രതീക്ഷിക്കേണ്ട വളരെ പ്രധാനപ്പെട്ട ചോദ്യമാണ് സിദ്ദിഖി ചോദിച്ചത്.

ഇതിന് അദ്ദേഹം നല്‍കിയ പ്രതികരണവും ഒമ്പത് വര്‍ഷമായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നില്ലെന്ന വസ്തുതയെ കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യണം,’ അവര്‍ ട്വീറ്റ് ചെയ്തു.

സിദ്ദിഖിയുടെ ചോദ്യത്തിന് പിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന് പറഞ്ഞ് ബി.ജെ.പി. രംഗത്തെത്തിയിരുന്നു. ചോദ്യത്തിന് പിന്നില്‍ ഒരു ടൂള്‍ കിറ്റ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി ഐ.ടി. സെല്‍ വക്താവ് അമിത് മാളവ്യ ആരോപിച്ചു.

മോദിക്കെതിരെയുള്ള സിദ്ദിഖിയുടെ ഈ ചോദ്യം പാക് ശബ്ദമാണെന്നാണ്
ബി.ജെ.പി പ്രൊഫൈലുകള്‍ ട്വിറ്ററിലൂടെ ആരോപിച്ചത്. സബ്രീന സിദ്ദിഖിയുടെ പിതാവ് ഇന്ത്യ- പാക് പൗരനാണെന്ന് എടുത്ത് പറഞ്ഞാണ് ഈ പ്രചരണങ്ങള്‍.
സബ്രീന സിദ്ദിഖി ഇടതുപക്ഷക്കാരിയും ഇസ്‌ലാമിസ്റ്റുമാണെന്നും ചില പ്രൊഫൈലുകള്‍ ആരോപിച്ചു.

ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് പിതാവിനൊപ്പം 2011ലെ ലോകകപ്പ് ഫൈനല്‍ കാണുന്ന ചിത്രവും സിദ്ദിഖി പങ്കുവെച്ചിട്ടുണ്ട്. തന്റെ കുടുംബ പശ്ചാത്തലം ചികയുന്നവര്‍ക്ക് ചിത്രം സമര്‍പ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ‘ചിലപ്പോള്‍ അസ്ഥിത്വങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും സങ്കീര്‍ണമാകുമെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും പാകിസ്ഥാനിലും ഒരു പോലെ വേരുകളുള്ളതാണ് സിദ്ദിഖിയുടെ കുടുംബം. പിതാവ് ജനിച്ചത് ഇന്ത്യയിലാണെങ്കിലും വളര്‍ന്നത് പാകിസ്ഥാനിലായിരുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള രണ്ട് പേര്‍ക്കായിരുന്നു ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ലഭിച്ചത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നില്ലേയെന്നും അവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നുമായിരുന്നു സബ്രിന സിദ്ദിഖിയുടെ ചോദ്യം.

ഈ ചോദ്യം അത്ഭുതപ്പെടുത്തിയെന്നും ഇന്ത്യയില്‍ എല്ലാവരും ജനാധിപത്യം അനുഭവിക്കുന്നുണ്ടെന്നും ജാതി, മതം, ലിംഗഭേദം എന്നിവയുടെ പേരില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ലെന്നുമാണ് നരേന്ദ്ര മോദി പറഞ്ഞത്.

എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്നും ഇത് ഇന്ത്യയില്‍ ജനാധിപത്യമുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞു.

എന്നാല്‍ കാലാവസ്ഥാമാറ്റം നേരിടാന്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചായിരുന്നു ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ മാധ്യമപ്രവര്‍ത്തകന്‍ മോദിയോട് ചോദിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ഒരേയൊരു ജി20 രാജ്യമാണ് ഇന്ത്യയെന്നായിരുന്നു ഈ ചോദ്യത്തോടുള്ള പ്രധാനമന്ത്രിയുടെ മറുപടി.

CONTENT HIGHLIGHTS: The cyber attack against the journalist who asked Modi a question is unacceptable; Condemned by the White House

We use cookies to give you the best possible experience. Learn more