| Wednesday, 12th January 2022, 11:28 am

കുറ്റക്കാര്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടും: നടിയെ ആക്രമിച്ച കേസില്‍ മന്ത്രി സജി ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാന്‍. കേസിന്റെ അന്വേഷണത്തില്‍ എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിയെന്ന നിലയില്‍ കേസില്‍ മുന്‍ വിധിയോടെ സംസാരിക്കാന്‍ സാധിക്കില്ലെന്നും വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് ഇതിനോടകം തന്നെ വ്യക്തമായതാണെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു ദിവസം കൊണ്ട് എടുത്തുചാടി നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അത് ക്യാബിനെറ്റില്‍ ചര്‍ച്ചയ്‌ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മീഷന് തുടര്‍ച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാന്‍ സാധിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റില്‍ പോകണോ നിയമസഭയില്‍ വെയ്‌ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിനിമ തൊഴിലിടത്തിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായിട്ടും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ച ശിപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാനാണ് മൂന്നംഗ സമിതിയെ സര്‍ക്കാര്‍ രൂപികരിച്ചത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ഹേമ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം ഓരോ അംഗവും പ്രത്യേകം സമര്‍പ്പിക്കണം. സിനിമ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പുമായിരിക്കും പരിശോധിക്കുക.

നിയമപരമായ പ്രശ്‌നങ്ങള്‍ നിയമവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മൂന്ന് അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമയപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The culprits will be punished no matter how high: Minister Saji Cherian in the case of attacking the actress

We use cookies to give you the best possible experience. Learn more