| Tuesday, 12th April 2022, 9:37 pm

കാവ്യ മാധവനെ വീട്ടിലെത്തി തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീട്ടിലെത്തി തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. തീരുമാനത്തിന് മാറ്റമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.

ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആലുവയിലുള്ള ദിലീപിന്റെ വീടായ പദ്മ സരോവരത്തില്‍ വെച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാന്‍ പറ്റില്ലെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദേശിക്കണമെന്നും തിങ്കളാഴ്ച രാത്രി തന്നെ മറുപടി നല്‍കണമെന്നും അന്വേഷണ സംഘം കാവ്യയോട് നിര്‍ദേശിച്ചിരുന്നു.

ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനായിരുന്നു കാവ്യയോട് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാനാവില്ലെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു നടി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യും. ഇരുവരും ഇതുവരെ ക്രൈംബ്രാഞ്ച് അയച്ച നോട്ടീസ് കൈപറ്റിയിട്ടില്ല.

നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിക്കുകയായിരുന്നു. പല തവണ ഫോണിലൂടെ ഇരുവരേയും ബന്ധപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്നാണ് ഇരുവരുടേയും വീടുകളില്‍ നോട്ടീസ് പതിച്ചത്.

അതേസമയം, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി.

ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു.

Content Highlights: The crime branch said that Kavya Madhavan will be questioned at home

We use cookies to give you the best possible experience. Learn more