| Sunday, 22nd May 2022, 8:55 am

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കാവ്യ മാധവന് പുറമെ ദിലീപിന്റെ അഭിഭാഷകരെ പ്രതിയാക്കാനുള്ള നീക്കവും അന്വേഷണസംഘം അവസാനിപ്പിച്ചു. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ ഇനി തുടരന്വേഷണത്തിന് അന്വേഷണസംഘം സമയം നീട്ടി ചോദിച്ചേക്കില്ല. അതേസമയം, ഹൈക്കോടതിയില്‍ വരെ പരാമര്‍ശം ഉണ്ടായിട്ടും അഭിഭാഷകരെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് എന്നതാണ് ശ്രദ്ധേയം. അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മുന്‍പ് ക്രൈം ബ്രാഞ്ച് സംഘം ആരോപിച്ചത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക.

അതേസമയം ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി.

തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാര്‍ 10 ലക്ഷം തട്ടിച്ചുവെന്ന ദിലീപ് ആരോപിച്ചിരുന്നു. കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങള്‍ നിഷേധിച്ചു.

ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിന്‍ക രൂപത വ്യക്തമാക്കിയത്. ദിലീപിന്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിരുന്നു.

Content Highlights: The Crime Branch has terminated the investigation into the attack on the actress

We use cookies to give you the best possible experience. Learn more