തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് ഗോവിന്ദനെതിരെ ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ചുമതലയുള്ള കൊച്ചി ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു ഡി.ജി.പിക്ക് കൈമാറി.
പൊതുപ്രവര്‍ത്തകനായ നവാസ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗോവിന്ദന്റെ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തില്‍ കേസെടുക്കണമെന്നായിരുന്നു പരാതി. ഈ പരാതി തുടക്കത്തില്‍ സൈബര്‍ സെല്ലില്‍ കൈമാറുകയാണ് ഡി.ജി.പി ചെയ്തത്. എന്നാല്‍ പരാതിക്കാരന്റെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് എസ്.പി സാബു മാത്യു പരാതിക്കാരനെ വിളിച്ച് വരുത്തി മൊഴിയെടുക്കുകയും എം.വി. ഗോവിന്ദന്റെ ബൈറ്റ് കാണുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം മോന്‍സന്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ സുധാകരനും എം.വി.ഗോവിന്ദനെതിരെ ഇന്നലെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു. എം.വി.ഗോവിന്ദനെ കൂടാതെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കും ദേശാഭിമാനി ദിനപ്പത്രത്തിനും എതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ ദിവസം കുറ്റകൃത്യം നടന്ന മോന്‍സന്റെ വീട്ടില്‍ സുധാകരനുണ്ടായിരുന്നു എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദന്‍ സംസാരിച്ചത്.
content highlights: The crime branch gave a clean chit to m.v.govindan on the remarks made against Sudhakaran