| Monday, 22nd July 2019, 3:02 pm

ബീഹാറില്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യം പൊട്ടിത്തെറിയിലേക്ക്?; വെല്ലുവിളി, ആര്‍.ജെ.ഡി നേതാവുമായി ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഹാറില്‍ ജനതാദള്‍ യുണൈറ്റഡ്-ബി.ജെ.പി സഖ്യം വഴിപിരിയുന്നുവോ?. ഭരണകക്ഷി വൃത്തങ്ങളും പ്രതിപക്ഷ വൃത്തങ്ങളും അങ്ങനെയാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡും ബി.ജെ.പിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് ഇന്നലെ വൈകുന്നേരത്തോടെ മാറിയിട്ടുണ്ട്.

ജനതാദള്‍ യുണൈറ്റഡ് മുന്‍ രാജ്യസഭ എം.പി പവന്‍ വെര്‍മ്മ ഇന്നലെ ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു വെല്ലുവിളി. നിതീഷ് കുമാര്‍ ഒരു സ്ഥാനമോഹിയാണെന്ന് ബി.ജെ.പി എം.എല്‍.എ സച്ചിദാനന്ദ് റായി പറഞ്ഞിരുന്നു. ബി.ജെ.പി വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണം. അതിനുള്ള സംഘടനാ ശേഷി ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടെന്നും എം.എല്‍.എ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു പവന്‍ വെര്‍മ്മയുടെ വെല്ലുവിളി. ി.ജെ.പി കുറച്ചു നാളായി ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നു. ഇത് വരെ സഹിച്ചു. പക്ഷെ സഹിക്കുന്നതിന് പരിമിതിയുണ്ടെന്നും പവന്‍ വെര്‍മ്മ പറഞ്ഞു.

ഇതിനിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് അബ്ദുള്‍ ബാരി സിദ്ധിഖിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവും നിതീഷിന്റെ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു സിദ്ദിഖി. ആര്‍.ജെ.ഡിയിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേരുകയും നിതീഷ് കുമാര്‍ ഒറ്റക്ക് ഭരിക്കുമെന്നുമാണ് നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നത്.

ബീഹാര്‍ നിയമസഭയില്‍ ആര്‍.ജെ.ഡിയാണ് വലിയ ഒറ്റകക്ഷി. 81 എം.എല്‍.എമാരാണ് ആര്‍.ജെ.ഡിക്കുള്ളത്. 70 എം.എല്‍.എമാരാണ് ജനതാദള്‍ യുണൈറ്റഡിനുള്ളത്. കോണ്‍ഗ്രസിന് 27എം.എല്‍.എമാരുള്ളത്.

കേന്ദ്രമന്ത്രിസഭയെ ജനതാദള്‍ യുണൈറ്റഡ് പിന്തുണക്കുന്നുണ്ട്. കൂടുതല്‍ കേന്ദ്രമന്ത്രിമാരെ ജനതാദള്‍ യുണൈറ്റഡിന് അനുവദിക്കാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്.

We use cookies to give you the best possible experience. Learn more