|

കമ്മ്യൂണിസ്റ്റുകാര്‍ മതവിശ്വാസത്തിനെതിരല്ല, കാള്‍ മാര്‍ക്സും ഫെഡറിക് എംഗല്‍സും മിഖയേല്‍ ബെക്കുനിനും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു: എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാര്‍ മതവിരുദ്ധരാണെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. മതവിശ്വാസികളെയും അണിനിരത്തി വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തവും വിപുലവുമാക്കണമെന്നതാണ് സി.പി.ഐ.എമ്മിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖകളില്‍ ഇക്കാര്യങ്ങള്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റുകാര്‍ മതവിശ്വാസത്തിന് എതിരല്ലെന്നും കാള്‍ മാര്‍ക്‌സും ഫെഡറിക് എംഗല്‍സും മിഖയേല്‍ ബെക്കുനിനും 1864ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിങ്‌മെന്‍ അസോസിയേഷന്‍ രൂപീകരിച്ചപ്പോഴേ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതചിന്താഗതികളുമായി ബന്ധമില്ലാത്തവര്‍ക്ക് മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാനാവൂ എന്ന് ബെക്കുനിന്‍ ഇന്റര്‍നാഷണലില്‍ വാദിച്ചുവെന്നും എന്നാല്‍ മാര്‍ക്‌സും എംഗല്‍സും ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നും എം.എ ബേബി പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

തൊഴിലാളികളുടെ മോചനത്തിനായുള്ള സമരസംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്ന മതവിശ്വാസികളെയും ദൈവവിശ്വാസികളെയുമെല്ലാം സംഘടനയില്‍ ചേര്‍ക്കാമെന്ന് മാര്‍ക്‌സും എംഗല്‍സും വാദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാക്‌സിന്റെ എംഗല്‍സിന്റെയും വീക്ഷണം സംഘടനയുടെ ഭൂരിപക്ഷ നിലപാടായി മാറിയെന്നും ബെക്കുനിന്റെ നിലപാട് അംഗീകരിക്കുന്ന യാന്ത്രികഭൗതികവാദമല്ല സി.പി.ഐ.എം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: The CPIM’s stance is that communists are not against religious beliefs, but rather should mobilize religious believers to fight communalism: M.A. Baby

Video Stories