| Thursday, 17th March 2022, 6:13 pm

സി.പി.ഐ.എം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിമിനെ തെരഞ്ഞെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിനെ തെരഞ്ഞെടുത്തു. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസം സംസ്ഥാന സെക്രട്ടറിയായി സലീമിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു.

80 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 26 പേര്‍ പുതുമുഖങ്ങളും 15 പേര്‍ വനിതകളുമാണ്. സെക്രട്ടറിയേറ്റ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞശേഷം രൂപീകരിക്കും.

2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് മുഹമ്മദ് സലിം പോളിറ്റ് ബ്യൂറോയിലെത്തുന്നത്. ഒന്നര പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്ന സലിം നേരത്തെ ബംഗാള്‍ സംസ്ഥാന മന്ത്രിയായിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

ഡി.വൈ.എഫ്.ഐ ദേശീയ സെക്രട്ടറിയായിരുന്ന സലിം രണ്ട് തവണ ലോകസഭാംഗമായിരുന്നു. റായ് ഗഞ്ച്, കല്‍ക്കത്ത നോര്‍ത്ത് ഈസ്റ്റ് മണ്ഡലങ്ങളെയാണ് പ്രതിനിധീകരിച്ചിരുന്നത്. 1977ല്‍ പാര്‍ട്ടി അംഗമായ സലിം 1995ല്‍ കേന്ദ്ര കമ്മിറ്റിയംഗവും 2015ല്‍ പോളിറ്റ് ബ്യൂറോ അംഗവുമായി.


Content Highlights: The CPIM has elected Mohammad Salim as the West Bengal state secretary

We use cookies to give you the best possible experience. Learn more