| Saturday, 5th May 2012, 10:15 pm

ചന്ദ്രശേഖരന്‍ വധം: സി.പി.ഐ.എമ്മിന്റെ രണ്ട് ഏരിയ കമ്മിറ്റികള്‍ക്ക് പങ്കെന്ന് പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒഞ്ചിയം റെവല്യൂണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തെ കൊലചെയ്‌തെന്നു കരുതുന്ന ഏഴുപേരെയാണ് നിലവില്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.

ചന്ദ്രശേഖരനെ കൊന്നവര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഇന്നോവ കാര്‍ നേരത്തെ തന്നെ പോലീസിനു ലഭിച്ചിരുന്നു. കെ.എല്‍.58 ഡി 8144 എന്ന രജിസ്‌ട്രേഷനിലുള്ള കാറാണ് ലഭിച്ചിട്ടുള്ളത്. ഈ കാര്‍ നവീന്‍ദാസ് എന്നയാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പള്ളൂര്‍ പായപ്പടച്ചി സ്വദേശി റഫീക്ക്  എന്നയാളാണ് മുഖ്യ പ്രതിയെന്നാണ് പോലീസ് നിഗമനം. ഇയ്യാളാണ് കാര്‍ വാടകയ്ക്ക് എടുത്തത്. നിരവധി കേസ്സുകളില്‍ പ്രതിയാണ് റഫീക്ക്.

ടി.പി. ചന്ദ്രശേഖന് വന്നിട്ടുള്ള ഫോണ്‍ കോളുകളെകുറിച്ചും പോലീസിന് വിവരം ലഭിച്ചു. ചന്ദ്രശേഖരന്റെ മൃതദേഹത്തില് മുഖത്തുമാത്രം അമ്പതു വെട്ടുകളാണ് ഏറ്റിട്ടുള്ളതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടുകളും ഏറ്റിട്ടുള്ളത്. വളരെ ആഴത്തില്‍ മുറിവുണ്ടാക്കാന്‍ കഴിയുന്ന വടിവാള്‍ മഴു എന്നീ ആയുധങ്ങള്‍ കൊണ്ടാണ് അദ്ദേഹത്തെ വധിച്ചിരിക്കുന്നത്.

സി.പി.ഐ.എം ബന്ധം

ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന്റെ രണ്ട് ഏര്യാ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന് പോലീസ്. ഏര്യാതലത്തില്‍ ആസൂത്രിതമായ കൊലപാതകമായിരുന്നു ഇത്. ജില്ലാ കമ്മിറ്റിയംഗവും ഏര്യ സെക്രട്ടറിയും സംശയത്തിന്റെ നിഴലലാണ്. പിടിക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടി ബന്ധമുണ്ട്. അതില്‍ രണ്ടുപേര്‍ നിലവില്‍ നിരവധികേസ്സുകളില്‍ പ്രതികളായിട്ടുള്ളവരാണ്.

We use cookies to give you the best possible experience. Learn more